കോഴിക്കോട്: നഗരത്തെ ശുചിത്വ നഗരമായി സംരക്ഷിച്ചു വരുന്ന പ്രവർത്തനത്തിൽ പങ്കുവഹിച്ച ശുചീകരണ വിഭാഗം ജീവനക്കാരെ അനുമോദിച്ചു. മികച്ച ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയതിനും പരിസ്ഥിതി സംരക്ഷണത്തിനുള്ള 2018 ലെ പുരസ്‌ക്കാരം കോർപ്പറേഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. ടൗൺഹാളിൽ നടന്ന പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇറച്ചി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് കരാർ ഒപ്പുവച്ച ഫ്രഷ് കട്ട് ഏജൻസിയിൽ നിന്നും ആറുമാസത്തെ റോയൽറ്റി തുകയായ 2.5 ലക്ഷം രൂപയുടെ ചെക്ക് കമ്പനി ചെയർമാൻ അഗസ്റ്റിൻ ലിബിൻ പയസിൽ നിന്നും മേയർ കൈപ്പറ്റി. നിലവിൽ കമ്പനിയുമായുള്ള കരാർ പ്രകാരം കോർപ്പറേഷൻ പരിധിയിൽ നിന്നും ഒരു കിലോ ഇറച്ചി മാലിന്യങ്ങൾ സംസ്‌കരണത്തിനായി ശേഖരിക്കണമെങ്കിൽ പത്ത് പൈസ നിരക്കിൽ കോർപ്പറേഷന് കൈമാറണം.
കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ഡി സാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സി അനിൽകുമാർ, ലളിത പ്രഭ, ആശാ ശശാങ്കൻ, പി.സി. രാജൻ, രാധാകൃഷ്ണൻ, അനിതാ രാജൻ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.