സഹായവുമായി എഴുത്തുകാരൻ വൽസൻ നെല്ലിക്കോട്
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലെ രാധാകൃഷ്ണൻ എന്ന കച്ചവടക്കാരന്റെ വായനയോടുള്ള താത്പര്യവും പുസ്തകങ്ങൾ വാങ്ങാൻ അദ്ദേഹം ചിലവഴിക്കുന്ന പണവും കണ്ട് ആകൃഷ്ടരായ എഴുത്ത് കാരും സേവന സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി രംഗത്ത്. കേരള കൗമുദി ലോക വായനദിനത്തിൽ പ്രസിദ്ധീകരിച്ച രാധാകൃഷ്ണന്റെ വായനാ ജീവിതത്തെ കുറിച്ചുള്ള വാർത്തയെ തുടർന്നാണ് അദ്ദേഹത്തിന് സഹായ വാഗ്ദാനം ഉണ്ടായത്.
പ്രശസ്ത എഴുത്ത് കാരനും ആക്ടിവിസ്റ്റുമായ വൽസൻ നെല്ലിക്കോട് സ്വന്തമായി വീടില്ലാതെ ഇത്രയും കാലം വാങ്ങിയ പുസ്തകകൾ സൂക്ഷിക്കാൻ രാധാകൃഷ്ണന് അലമാര വാഗ്ദാനം ചെയ്തിട്ടുണ്ട്. കാര്യമായ വിദ്യാഭ്യാസമില്ലാത്ത രാധാകൃഷ്ണൻ കുട്ടിക്കാലം മുതലേ ആഴത്തിൽ വായന ശീലമുള്ളയാളായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പച്ചക്കറി മാർക്കറ്റിലെ പല സഹപ്രവർത്തകരും അദ്ദേഹത്തിന്റെ വായന രഹസ്യം ഇപ്പോഴാണ് അറിയുന്നത്.
പച്ചക്കറി വില്പനയിലെ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം സ്വരൂപിച്ചാണ് രണ്ടു മക്കളെ പഠിപ്പിച്ചതും ഒരു മകളെ വിവാഹം കഴിപ്പിച്ചതും. വായനദിനത്തിൽ തന്നെ രാധാകൃഷ്ണന്റെ പുസ്തകപ്രേമം വായിച്ചറിഞ്ഞവരും പച്ചക്കറി മാർക്കറ്റിലെ വില്പനക്കാരും രാധാകൃഷ്ണനെ തിരിച്ചറിഞ്ഞതിൽ വൈകി പോയെന്ന് പരിതപിച്ചു. തൊട്ടടുത്ത് കച്ചവടം ചെയ്യുന്ന ഭാര്യയും വാർത്തയറിഞ്ഞ് ഏറെ സന്തുഷ്ടയാണ്. ഭർത്താവിനെ എല്ലാവരും അഭിനന്ദിക്കുമ്പോഴാണ് പുസ്തക സ്‌നേഹിയ്ക്ക് ഉചിതമായ വാഗ്ദാനമായ അലമാര നൽകാൻ എഴുത്ത് കാരനായ വൽസൻ നെല്ലിക്കോട് സന്നദ്ധത പ്രകടിപ്പിച്ചത്. കൂടാതെ അദ്ദേഹം എഴുതിയതടക്കം 50 ലധികം പുസ്തകങ്ങളും നൽകാനും തീരുമാനിച്ചു. ആശ്രിത ചാരിറ്റബിൾ ട്രസ്റ്റും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് പാളയം ഇന്ത്യ ബുക്‌സിൽ നടക്കുന്ന പുസ്തകോൽസവത്തോടനുബന്ധിച്ച് അടുത്താഴ്ച നടക്കുന്ന ചടങ്ങിൽ രാധാകൃഷ്ണന് അലമാരയും പുസ്തകവും നൽകും.