മുക്കം: ആനയെവാങ്ങിയിട്ടും തോട്ടി വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഒരു സർക്കാർ സ്ഥാപനം. മൂന്നു കോടിയിലധികം രൂപ മുടക്കി സർക്കാർ നിർമിച്ച മുക്കം മിനി സിവിൽ സ്റ്റേഷനാണ് മറ്റെല്ലാ സൗകര്യവുമുണ്ടായിട്ടും കിണറും വെള്ളവുമില്ലാത്തതിനാൽ ദുരിതമനുഭവിക്കുന്നത്. സബ്ട്രഷറി, സബ്റജിസ്ട്രാർ ആഫീസ്, ഉപജില്ല വിദ്യാഭ്യാസ ആഫീസ്, കൃഷിഭവൻ എന്നീ പ്രധാന സർക്കാർ ആഫീസുകൾ പ്രവർത്തിക്കുന്ന മുക്കം മിനി സിവിൽ സ്റ്റേഷനിലാണ് വെള്ളമില്ലാത്ത ദുരവസ്ഥ. അഗസ്ത്യൻ മുഴി അങ്ങാടിയിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കിണറില്ല. കെട്ടിട നിർമ്മാണ വേളയിൽ ഒരു കുഴൽകിണർ നിർമമിച്ചിരുന്നെങ്കിലും അത് ഉപയോഗിക്കാൻ കഴിയാതായി. അടുത്തകാലം വരെ ഈ കുഴൽ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. നാല് സർക്കാർ ആഫീസുകളിലായി മുപ്പതോളം ജീവനക്കാരുണ്ട്. ഈ ആഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതു ജനങ്ങൾ ശരാശരി ഇരുനൂറു വരും. വെള്ളമില്ലാത്തതിനാൽ ശുചി മുറി പോലും ഉപയോഗിക്കാനാവാത്ത അവസ്ഥ. ജീവനക്കാർക്ക് ഭക്ഷണം കഴിച്ച് കൈകഴുകാനും കഴിയുന്നില്ല. മഴ വെള്ളത്തെയാണി പ്പോൾ ജീവനക്കാർക്ക് ആശ്രയം. എന്നാൽ മഴ ലഭിക്കാത്ത ദിവസങ്ങൾ ഇവരെ പ്രയാസത്തിലാക്കുന്നു.