കോഴിക്കോട്: ലോകം വ്യവസ്ഥാപിത മാദ്ധ്യമങ്ങൾക്ക് ബദൽ തേടുകയാണെന്നും സമൂഹത്തിനുവേണ്ടി സമൂഹം നടത്തുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള മാദ്ധ്യമ മേഖലയ്ക്ക് മാത്രമേ സമൂഹത്തിന് ആവശ്യമുള്ളത് നൽകാനാകൂവെന്നും ഹരിയാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഖൻലാൽ ചതുർവ്വേദി ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ബി.കെ. കുട്യാല പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച മഹർഷി നാരദജയന്തി ആഘോഷത്തിൽ പി.വി.കെ. നെടുങ്ങാടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വായനക്കാരല്ല ഇന്ന് ഉള്ളത്. അവർ ഒരേ സമയം വായനക്കാരനും മാദ്ധ്യമപ്രവർത്തകനുമാണ്. എഴുതാനും പ്രദർശിപ്പിക്കാനും കഴിവ് പ്രകടിപ്പിക്കുന്ന പ്രതിഭകൾ സാമൂഹ്യമാദ്ധ്യമങ്ങളുടെ ഗതി നിർണയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു അദ്ധ്യക്ഷത വഹിച്ചു.
പി.വി.കെ.നെടുങ്ങാടി മാദ്ധ്യമ പുരസ്‌കാരം ജനം ടി.വി റിപ്പോർട്ടർ എ.എൻ. അഭിലാഷിന് പ്രൊഫ. കുട്യാല നൽകി. 11111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാദ്ധ്യമപ്രവർത്തകരായ ടി. ബാലകൃഷ്ണൻ, പി. ദാമോദരൻ എന്നിവരെ പ്രൊഫ. ബി.കെ. കുട്യാല ആദരിച്ചു. പ്രസ്‌ക്ലബ് ഐ.സി.ജെ ഡയറക്ടർ വി.ഇ. ബാലകൃഷ്ണൻ ആശംസാപ്രസംഗം നടത്തി. ഭാഗ്യശീലൻ ചാലാട്, പി.വി.കെ. നെടുങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. പി. ബാലകൃഷ്ണൻ, ടി. വിജയൻ, പി.വി. വിനോദ്കുമാർ, ഹരീഷ് കടയപ്രത്ത്, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.