മുക്കം: ആർക്കും വേണ്ടാത്തതും ഉപദ്രവകാരികളുമായ ഫ്ലക്സുകൾക്ക് പുനർജൻമം നൽകി കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്താനുള്ളപദ്ധതി മുക്കം നഗരസഭ ആരംഭിച്ചു. രാഹുൽ ഗാന്ധി മുതൽ തുഷാർ വെള്ളാപ്പള്ളി വരെയുള്ളവരുടെ ആകർഷകമായ പടങ്ങളടങ്ങിയ ഫ്ലക്സുകളെല്ലാം ഇനി ഗ്രോബാഗുകളായി രൂപാന്തരം പ്രാപിച്ച് അതിൽ പച്ചക്കികളും പഴങ്ങളും വിളയും. കേരള ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം നീക്കം ചെയ്തതുൾപ്പടെ മുക്കം നഗരസഭ ശേഖരിച്ച ഫ്ലക്സ് ബോർഡുകളാണ് ഗ്രോ ബാഗുകളാക്കി മാറ്റി കാർഷിക മേഖലയ്ക്ക് മുതൽകൂട്ടാനുള്ള പദ്ധതി മുക്കം നഗരസഭ പ്രയോഗത്തിൽ വരുത്തുന്നത്. 2250 ഫ്ലക്സ് ബോർഡുകളാണ് ഇതിനോടകം മുക്കം നഗരസഭ ശേഖരിച്ചത് .ഈഫ്ലക്സ് ബോർഡുകളെല്ലാം ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിർമിക്കാനുള്ള സാങ്കേതിക നിർദ്ദേശം നൽകുന്നത് ഹരിത കേരള മിഷനാണ്. ഒന്നാം ഘട്ടത്തിൽ 3000 ഗ്രോ ബാഗുകൾ നിർമ്മിക്കാനാണ് പരിപാടി . എൺപത് രൂപയോളം വിലവരുന്ന ഗ്രോ ബാഗ് പത്ത് രൂപ നിരക്കിൽ ആവശ്യക്കാർക്ക് നൽകാൻ കഴിയും . ഗ്രോ ബാഗ് നിർമ്മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ പി. പ്രകാശ് നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ ,ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ , കൗൺസിലർമാരായ ടി.ടി.സുലൈമാൻ , രജിത കുപ്പോട്ട് , ജെസ്സി രാജൻ ,മുക്കം വിജയൻ , പി.ടി. ബാബു , സി. ഡി.എസ് .ചെയർപേഴ്സൺ ബിന്ദു രാഘവൻ , ഏക്സാത്ത് ടീം ലീഡർ വിനീത എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ. കെ. ഹരീഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. മധുസൂദനൻ നന്ദിയും പറഞ്ഞു.