കോഴിക്കോട്: അടി മുടി മാറി മൊഞ്ചാകാനൊരുങ്ങി മാനാഞ്ചിറ. അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതി പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കൊപ്പം കോർപ്പറേഷനും ഡി.ടി.പി.സിയും ചേർന്നാണ് പുതിയ മാനാഞ്ചിറ നിർമ്മിക്കുന്നത്. പൊട്ടിപൊളിഞ്ഞ ചുറ്റുമതിലുകളുടെയും ഗേറ്റുകളുടെയും അറ്റകുറ്റപണി പൂർത്തീകരിച്ച് മനോഹരമാക്കും. കിഴക്ക് ഭാഗത്തായി നാലാമത് ഒരു പ്രവേശന കവാടം, ഗാലറി, ടോയ് ലറ്റ് എന്നിവയാണ് പുതുതായി നിർമിക്കുന്നത്. ബി.ഇ.എം സ്‌കൂളിന് എതിർവശത്തായാണ് പുതിയ പ്രവേശന കവാടം വരുന്നത്. ഈ ഭാഗത്ത് എത്തുന്നവർ മൈതാനത്തിലേക്ക് പ്രവേശിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ചുറ്റിവളഞ്ഞാണ് പ്രധാന കവാടത്തിലേക്ക് എത്തിയിരുന്നത്. പുതിയ കവാടം വരുന്നതോടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാകും. നിലവിലുള്ള കമാനങ്ങൾക്ക് സമാനമാണ് പുതിയ കവാടവും. ആവശ്യമായ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു. തൂണിൽ ചുവന്ന കല്ല് പതിക്കുന്ന പ്രവൃത്തിയാണ് പൂർത്തിയാക്കാനുള്ളത്. അൻസാരി പാർക്കിന് സമീപമാണ് ഗാലറിയും ഒരുക്കുന്നത്. 20ഓളം പേർക്ക് കലാപരിപാടികൾ ആസ്വദിക്കാൻ തക്ക സൗകര്യം ഗ്യാലറിയിൽ ഉണ്ടാകും. ശൗചാലയങ്ങളുടെ കുറവും കലാപരിപാടികൾ നടത്തുമ്പോൾ കാണികൾക്ക് ഇരിക്കാൻ സൗകര്യമില്ലാത്തതും മാനാഞ്ചിറയ്ക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. നവീകരണ പ്രവൃത്തികളിലൂടെ ഇതിൽ കാര്യമായ മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോർപ്പറേഷൻ ചെലവഴിക്കുന്നത് 80 ലക്ഷം
പ്രവേശനകവാടം
ഗാലറി നിർമാണം
രണ്ട് റെയിൻ ഷെൽട്ടറുകളും പൂർത്തീകരിച്ചു
അലൂമിനിയം ഇരിപ്പിടങ്ങൾ
പ്രവൃത്തി നടത്തുന്നത് - മണപ്പുറം
ഡി.ടി.പി.സി ചെലവഴിക്കുന്നത് 1.7 കോടി
ഓപ്പൺ എയർ സ്റ്റേജ്
ടോയ് ലറ്റ് ബ്ലോക്ക്
ലൈറ്റുകൾ
നടപ്പാതയുടെയും ചുറ്റുമതിലിന്റെയും നവീകരണം
ആധുനിക സി.സി.ടി.വി
പ്രവൃത്തി നടത്തുന്നത് - യുഎൽസിസി