കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ആചരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എം.മൻസൂർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആശ ശശാങ്കൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.പ്രീത, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി.സി കവിത, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സുഗേഷ് കുമാർ.ജി.എസ്, ചീഫ് മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.ജയശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കുടുംബശ്രീ പ്രവർത്തകർക്കായി യോഗ പരിശീലനം നടന്നു. യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി മർക്കസ് യുനാനി കോളേജ്, ഗവ.ഹോമിയോ കോളേജ്, കെ.എം.സി.ടി ആയുർവ്വേദ കോളേജ് എന്നിവിടങ്ങളിൽ യോഗ സംബന്ധമായ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. കുടുംബശ്രീ അംഗങ്ങൾക്ക് ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ യോഗ പരിശീലനത്തിനുള്ള സൗകര്യങ്ങൾ തുടർന്നും ലഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലെ നൂറോളം വരുന്ന ആയുർവ്വേദ സ്ഥാപനങ്ങളിൽ യോഗ ദിനത്തിന്റെ ഭാഗമായി യോഗ പരിശീലനവും, ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി.