പേരാമ്പ്ര : മുയിപ്പോത്ത്- വിയ്യഞ്ചിറ - പാലച്ചുവട് റോഡിലൂടെയുള്ള വാഹനയാത്ര യാത്ര ദുരിതമാവുന്നു .
കഴിഞ്ഞ വർഷം 45 ലക്ഷം രൂപ മുടക്കി വീതികൂട്ടുകയും അറ്റകുറ്റ പണി നടത്തുകയും ചെയ്ത റോഡ് മഴക്കാലം തുടങ്ങുമ്പോഴേക്കും പൊട്ടിപൊളിഞ്ഞ് താറുമാറായി കിടക്കുകയാണ്. റോഡിൽ മിക്കയിടത്തും വൻ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന സർവ്വീസ് നടത്തുന്ന റോഡാണിത്. ഓട്ടോ റിക്ഷകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് സർവ്വീസ് നടത്തുന്നത്. പേരാമ്പ്ര പയ്യോളി റോഡിൽ നിന്നും മുയിപ്പോത്ത് ചാനിയം കടവ് ഭാഗങ്ങളിൽ എത്തിച്ചേരാൻ ജനങ്ങൾ പ്രധാനമായും ഉപേയാഗിക്കുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാവാത്തതിൽ നാട്ടുകാർ പ്രതിേഷധത്തിലാണ്. ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിൽ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ മുയിപ്പോത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. അഫ്‌സൽ, പി.കെ. നിയാസ്, യു.കെ. റാഷിദ് തുടങ്ങിയവർ സംസാരിച്ചു.