നാദാപുരം: പുറമേരിയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു. അറാംവെളളി ക്ഷേത്ര മുറ്റത്തെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. വെളളിയാഴ്ച ഉച്ചക്ക് പരിസരവാസി അമ്പലത്തിലെത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. പാറക്കല്ലുകള്‍ ഉപയോഗിച്ച് ഭണ്ഡാരത്തിൻറെ വാതിലുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഭണ്ടാരം തകർക്കാൻ ഉപയോഗിച്ച കല്ലുകള്‍ ക്ഷേത്ര മുറ്റത്ത് നിന്നും കണ്ടെത്തി. നാദാപുരം അഡീഷണൽ എസ്.ഐ. എസ്.നിഖിലും സംഘവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍ പരം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി നാദാപുരം പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് പുറമേരി കുനിങ്ങാട് റോഡില്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു.