പേരാമ്പ്ര : ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ തകർത്ത കുടിവെളള ടാങ്ക് പുന:സ്ഥാപിക്കണമെന്ന് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങോടുമല കുടിവെള്ള പദ്ധതിക്ക് വേണ്ടി നിർമിച്ച ടാങ്കാണ് നശിപ്പിച്ചത്. ചെങ്ങോടുമലയിലെ ആദിവാസി ഊരുകൂട്ടമുൾപ്പെടെ വേനലിൽ വലിയ ജലക്ഷാമമാണ് അനുഭവിച്ചത്. ജലനിധി പദ്ധതിയുടെ കിണറിൽ വെള്ളമില്ലാത്തതു കാരണം ഇവർക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. തകർത്ത കുടിവെള്ള പദ്ധതിയുടെ കിണർ മൂലാട് നിലവിലുണ്ട്. ടാങ്ക് പുന:സ്ഥാപിച്ചാൽ ഈ കുടിവെള്ള പദ്ധതി യാഥാർത്യമാവുമെന്നും യോഗം ചൂണ്ടിക്കാട്ടി. ടാങ്ക് തകർത്തതിനെതിരെ നാലാം വാർഡ് ആക്ഷൻ കൗൺസിൽ ഡി. വൈ. എസ്. പിക്ക് നൽകിയ പരാതിയിൽ ക്വാറി ഉടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ടാങ്ക് പുന:സ്ഥാപിക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക, ക്വാറി മാഫിയ കൈയ്യേറിയ മിച്ചഭൂമി തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂട്ടാലിടയിൽ ജൂലൈ 20ന് സായാഹ്ന ധർണ നടത്താനും തീരുമാനിച്ചു. സുരേഷ് ചീനിക്കൽ അധ്യക്ഷത വഹിച്ചു. ടി. കെ. ബാലൻ മൂലാട്, സി. എച്ച്. രാജൻ, രാജൻ അരമന, കെ. ജയരാജൻ, ടി. എം. സുരേഷ് ബാബു, ആയാട്ട് ബിജു എന്നിവർ സംസാരിച്ചു.