2018 ൽ 3176 കേസുകൾ, 2019 മെയ് മാസം വരെ 1156 കേസുകൾ

കോഴിക്കോട്: പോക്‌സോ നിയമ പ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നതായി കണക്കുകൾ . 2017 ലെയും 2016 ലെയും കണക്കുകളേക്കാൾ കൂടുതൽ കേസുകളാണ് 2018ലും 19 ലുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 2018 ൽ ആകെ മൊത്തം 3176 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 410 എണ്ണം മലപ്പുറത്തും 273 തിരുവന്തപുരത്തും 245കേസുകൾ കണ്ണൂരിലുമായി റിപ്പോർട്ട് ചെയ്തു. 2019 ഏപ്രിൽ മെയ് മാസം വരെ 1156 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ കൂടുതൽ കേസുകൾ രജിസ്​റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഇത്തരത്തിൽ 176 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 97 കേസുകൾ രജിസ്റ്റർ ചെയ്ത് കൊണ്ട് തിരുവന്തപുരം റൂറൽ രണ്ടാമതും 82 കേസുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 ലാണ് പോക്‌സോ നിലവിൽ വന്നത് പക്ഷേ എത്ര നിയമം വന്നാലും നമ്മുടെ കുട്ടികൾ ഇവിടെ സുരക്ഷിതരല്ലെന്ന് ഓരോ വർഷവും ബാലവകാശ കമ്മീഷനും സംസ്ഥാന പൊലീസും നൽകുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു . കേസുകൾ തീർപ്പാക്കാൻ ജില്ലകൾ തോറും പോക്‌സോ കോടതികൾ സ്ഥാപിക്കണമെന്നാണ് നിയമമെങ്കിലും തിരുവന്തപുരം , എറണാകുളം ,കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് കോടതികൾ ഉള്ളത് . മ​റ്റ് കോടതികളിലെല്ലാം ഒന്നാം ക്ലാസ മജിസ്‌ട്ര​റ്റ് കോടതിയോട് ചേർന്നാണ് പരിഗണിക്കുന്നത് ഇത്തരം കേസുകളുടെ എണ്ണം കൊല്ലം തോറും വർദ്ധിക്കുന്നുണ്ടെങ്കിലും ഇതിൽ വളരെ ചുരുങ്ങിയത് മാത്രമാണ് കോടതിക്കുള്ളിൽ തീർപ്പാക്കിയിട്ടുള്ളതാണ് യാഥാർത്യം. പാതിയേറെ കേസുകളിൽ പ്രതിസ്ഥാനത്തുള്ളത് കുട്ടിയുമായി രക്ത ബന്ധത്തിലുള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.