electricity

സുൽത്താൻ ബത്തേരി: ആരും കാണാതെ രാത്രിയുടെ മറവിലും മറ്റും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും വഴിയരുകിലും കാട്ടിലും പുഴയിലും മറ്റുമായി കൊണ്ടു പോയി ഇടുകയും ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. മാലിന്യം ധനസമ്പാദനത്തിനുള്ള ഉപാധിയായിമാറുന്നു. ജർമ്മൻ സങ്കേതിക വിദ്യ ഉപയോഗിച്ച് സുൽത്താൻ ബത്തേരി നഗരസഭയിൽ നടപ്പിലാക്കുന്ന മാലിന്യ പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടുകൂടി മാലിന്യത്തിൽ നിന്ന് വൈദ്യുതിയും ടൺകണക്കിന് ജൈവ വളവും ഉൽപ്പാദിപ്പിക്കാനാവും.


സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് മാലിന്യത്തിൽ നിന്ന് ബൈ പ്രൊഡക്ടായി ജൈവ വളങ്ങളും വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ജൈവ വളത്തിന് പുറമെ 1600 യൂണിറ്റ് വൈദ്യുതിയും ഉൽപ്പാദിപ്പിക്കാൻ കഴിയും.
പൂർണ്ണമായും ജർമ്മൻ സാങ്കേതിക വിദ്യയിലാണ് പ്ലാന്റിന്റെ പ്രവർത്തനം. നാല് മീറ്റർ,ആറ് മീറ്റർ, എട്ട് മീറ്റർ വ്യാസത്തിലുള്ള മൂന്ന് ടാങ്കുകളിലായിട്ടാണ് പ്രവർത്തനം. മാലിന്യം പ്രത്യേക കൺവേർ ബെൽറ്റ് വഴി ടാങ്കിൽ എത്തിക്കും. ഈ ടാങ്കിൽ വെച്ച് ആദ്യഘട്ട പ്രവർത്തനം നടക്കും. ഇവിടെ പൾപ്പ് ചെയ്ത് സൂക്ഷിക്കുന്ന മിശ്രിതം അനുബന്ധ ടാങ്കിലേക്ക് കടത്തിവിടുന്നു. രണ്ടാമത്തെ ടാങ്കിൽ 55 ഡിഗ്രി താപത്തിൽ പ്രവർത്തനം നടക്കും.

തുടർന്ന് 35 ഡിഗ്രിയിൽ ക്യാപ്ചർ ചെയ്ത് ജനറേറ്റർ വഴി വൈദ്യുതി കടത്തി വിടും. ഈ പ്രവർത്തനങ്ങൾ നടക്കുന്ന മുറയ്ക്ക് തന്നെ ഖരരൂപത്തിലും ദ്രാവക രൂപത്തിലുമുള്ള ജൈവ വളങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടും. 4000 ലിറ്റർ ദ്രവ ജൈവ വളവും 500 ലിറ്റർ ഖര ജൈവ വളവുമാണ് ലഭിക്കുക. മാലിന്യത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 1540 യൂണിറ്റ് കെ.എസ്.ഇ.ബിക്ക് നൽകാൻ കഴിയും. ഒരു വീട്ടുകാർക്ക് രണ്ട് യൂണിറ്റ് വൈദ്യുതി ഒരു ദിവസം എന്ന കണക്കിൽ 740 വീട്ടുകാർക്കുള്ള വൈദ്യുതി ലഭിക്കും.


ദുർഗന്ധം ഉണ്ടാവില്ല. മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലുമുള്ള വീടുകളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമാണ് മാലിന്യം ശേഖരിക്കുക. വീടുകളിൽനിന്ന് ശേഖരിച്ച് പ്രത്യേക ബാഗുകളിലാക്കിയാണ് പ്ലാന്റിൽ എത്തിക്കുക. മാലിന്യങ്ങൾ തരം തിരിച്ചാണ് എടുക്കുക. ഇതിന് പ്രത്യേകം ബാഗുകൾ നൽകും. മാലിന്യത്തിന്റെ അളവ് അനുസരിച്ച് സബ്സിഡി നിരക്കിൽ ഒരോരുത്തർക്കും ജൈവ വളവും നൽകും. അഞ്ച് ടൺ മുതൽ ഏഴ് ടൺ വരെ ജൈവ വളമണ് ഉൽപ്പദിപ്പിക്കാൻ കഴിയുക.


രണ്ട് വർഷം മുമ്പാണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മൂന്ന് മാസം കൊണ്ട് പ്ലാന്റിന്റെ പ്രവർത്തനം പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്ലാന്റ് മാനില്യ പ്രശ്നം ഉണ്ടാക്കുമെന്ന് പറഞ്ഞ് ചിലർ കോടതിയെ സമീപിച്ചതോടെ പ്ലാന്റിന്റെ പ്രവർത്തനം അനന്തമായി നീളുകയായിരുന്നു. തടസ്സങ്ങൾ മാറിയതോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്ന ടെക്‌നോളജി പഴയതായതോടെ ഏറ്റവും പുതിയ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ചെന്നൈയിൽ നിന്നും പൂനെയിൽ നിന്നുമായി യന്ത്രങ്ങൾ അടുത്ത ദിവസം എത്തും.


ആറ് കോടി രൂപയ്ക്കാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിഡാസ്‌ക് കമ്പനി ഏറ്റെടുത്തത്. പ്ലാന്റ് അടുത്ത മൂന്ന് മാസത്തോടെ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. പ്ലാന്റിൽ കഫ്റ്റിരിയയും കോൺഫറൻസ് ഹാളും ഗാർഡനും സ്ഥാപിക്കാനാണ് തീരുമാനം അടുത്ത 20 വർഷത്തേക്കാണ് കമ്പനി ഇതിന്റെ മേൽ നോട്ടം വഹിക്കുക. സംസ്ഥാന ഊർജവകുപ്പിന്റെ പ്രത്യേക പരിഗണനയിലുള്ള പ്ലാന്റിന്റെ മോണിറ്ററിംഗ് ചീഫ് സെക്രട്ടറിക്കാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യ പ്ലാന്റുകൾ നേരത്തെ ഉണ്ട്. ഇന്ത്യയിൽ ഇപ്പോൾ 23 പ്ലാന്റുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്.