കുറ്റിയാടി: സാധാരണ ജനങ്ങളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്താൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചു വരുന്ന വർത്തമാനകാലത്ത് ഇതിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കാൻ യുവജനപ്രസ്ഥാനങ്ങൾ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഗിരീഷ് കർണാട് നഗറിൽ (പൂളക്കൂൽ കമ്മ്യൂണിറ്റി ഹാൾ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡൻറ് എൻ എം ബിജു അദ്ധ്യക്ഷനായിരുന്നു. സി പി ഐ ജില്ലാ സിക്രട്ടറി ടി വി ബാലൻ, ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, ബി ദർശിത്ത് എന്നിവർ സംസാരിച്ചു.വി എം സമീഷ് രക്തസാക്ഷി പ്രമേയവും അഭിജിത്ത് കോറോത്ത് അനുശോചന പ്രമേയവും അഡ്വ.പി ഗവാസ് സംഘടനാ റിപ്പോർട്ടും ശ്രീജിത്ത് മുടപ്പിലായി സംഘടനാ രേഖയും അവതരിപ്പിച്ചു. മാർക്‌സിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ എംസി നാരായണൻ നമ്പ്യാറും യുവാക്കളും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തിൽ വി കെ സുരേഷ് ബാബുവും ക്ലാസെടുത്തു. സ്വാഗത സംഘം ചെയർമാൻ കെ പി പവിത്രൻ സ്വാഗതവും ജനറൽ കൺവീനർ ടി സുരേഷ് നന്ദിയും പറഞ്ഞു.