mk-raghvan
എം.കെ. രാഘവൻ എം.പി

അദ്യം അതിഥിയായി എത്തി, വൈകാതെ രാഘവേട്ടനായി.... ഇതാ ഇപ്പോൾ ഏറെ വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടിനൊപ്പം സ്നേഹവും നൽകി എം.കെ. രാഘവനെ കോഴിക്കോട്ടുകാർ വീണ്ടും പാർലമെന്റിലേക്ക് അയച്ചരിക്കുകയാണ്. 2009ൽ 838 വോട്ടിന് കോഴിക്കോട് മണ്ഡലം പിടിച്ച് അത്ഭുതം കാട്ടിയ എം.കെ. രാഘവൻ അഞ്ച് വർഷം കൊണ്ട് ഈ നാട്ടുകാരുടെ രാഘവേട്ടനായി. 2014ലും വിജയിച്ച് കയറിയ അദ്ദേഹത്തിന്റെ ഇത്തവണത്തെ വിജയത്തിന് മധുരം കൂടുതലുണ്ട്. എതിർ സ്ഥാനാർത്ഥിയായിരുന്ന എ.പ്രദീപ്കുമാർ എം.എൽ.എയുടെ ജനകീയതയെയും ഒളികാമറ വിവാദത്തെയും വ്യക്തിഹത്യ ആരോപണങ്ങളെയുമെല്ലാം മലർത്തിയടിച്ച എം.കെ. രാഘവൻ 85225 വോട്ടിന്റെ വൻ വിജയമാണ് നേടിയത്. പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായിരുന്നു താൻ എന്നായിരുന്നു വിജയം ഉറപ്പിച്ച ഉടനെ അദ്ദേഹം നടത്തിയ പ്രതികരണം. ചരിത്ര വിജയം നേടിയ എം.കെ. രാഘവൻ കേരളകൗമുദിയോട് സംസാരിച്ചു.

? ഏറ്റവും അധികം പ്രതിസന്ധി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു. വെല്ലുവിളികളെ എങ്ങനെ നേരിട്ടു?

@ തീർച്ചയായും മുൻ കാലങ്ങളിലുള്ളതിനേക്കാൾ വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു. രണ്ട് തവണ ജനം നൽകിയ സ്നേഹവും അംഗീകാരവും എതിരാളികളെ വിറളിപിടിപ്പിച്ചിരുന്നു. എന്നെ വീഴ്ത്താൻ എന്ത് തന്ത്രവും പ്രയോഗിക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശ്രമമുണ്ടായി. എതിരാളികളോട് ആശയപോരാട്ടമാണ് ഞാൻ എക്കാലവും നടത്തിയിരുന്നത്. എന്നാൽ എന്നെ വ്യക്തിഹത്യചെയ്യാനും അഞ്ച് പതിറ്റാണ്ട് പൊതുജീവിതത്തിൽ കാത്ത വിശുദ്ധിയിൽ കറതേയ്ക്കാനും മനപൂർവ്വം ശ്രമം നടന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നത് നേരാണ്.
ഏതൊരു സാധാരണക്കാരനെപ്പോലെ ഞാനും പതറിപ്പോകുമായിരുന്നു. എന്നാൽ എനിക്ക് ആത്മവിശ്വാസവും പിന്തുണയും കരുത്തുമേകിയത് കോഴിക്കോട്ടെ നന്മയുള്ള ജനങ്ങളാണ്. പത്ത് വർഷമായി അവർക്ക് എന്നെ അറിയാമല്ലോ. ദൈവമെന്നെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. ജനകീയ കോടതിയിലും നീതിന്യായ കോടതിയിലും കാണാമെന്നേ ഞാൻ പറഞ്ഞുള്ളൂ. ജനകീയ കോടതി ചരിത്രവിജയം നൽകി.

? ഇത്രയും മികച്ച വിജയം കോഴിക്കോട്ടുകാർ തരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

@ മികച്ച വിജയം ഉണ്ടാകുമെന്ന് ആദ്യം മുതൽ തന്നെ ഉറപ്പായിരുന്നു. ഞങ്ങൾ മാത്രമല്ല എതിരാളികളും അത് മനസ്സിലാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വികസന സന്ദേശമുയർത്തിപ്പിടിച്ചുള്ള യാത്രയ്ക്ക് ലഭിച്ച സ്വീകാര്യത ഈ മണ്ഡലത്തിന്റെ പൾസ് അളക്കാൻ സഹായിച്ചു. 2009ൽ നൽകിയത് ആയിരത്തിൽ താഴെ ഭൂരിപക്ഷമാണെങ്കിൽ 2014ൽ കോഴിക്കോട്ടുകാർ അത് പതിനാറായിരത്തിലേറെയാക്കി ഉയർത്തി. ഇത്തവണ അമ്പതിനായിരത്തിൽ മീതെ പ്രതീക്ഷിച്ചതാണ്. രാഹുൽജിയുടെ വരവ് ആ പ്രതീക്ഷയെ മറികടക്കുന്ന വിജയം സമ്മാനിച്ചു.

? രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നേട്ടമുണ്ടാക്കിയോ, നേതാക്കൾ പ്രചാരണത്തിനായി കൂട്ടത്തോടെ വയനാട്ടിലേക്ക് പോയെന്ന ആരോപണം ഉണ്ടായിരുന്നു. ഇത് എങ്ങനെ മറികടന്നു?

@ രാഹുൽജിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിലെമ്പാടും ഗുണം ചെയ്‌തെന്ന് നാം കണ്ടു. കോഴിക്കോടിന്റെ കൂടി പ്രതിനിധിയാണ് അദ്ദേഹം എന്നത് അഭിമാനകരമാണ്. വയനാട്ടിലേക്ക് നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിന് പോയെന്നതൊക്കെ മറ്റൊന്നും പറയാനില്ലാത്തതിനാൽ എതിരാളികൾ നടത്തിയ ദുഷ്പ്രചാരണമാണ്.

? കോഴിക്കോടിന് വേണ്ടിയുള്ള എന്തൊക്കെ പദ്ധതികളാണ് മനസിലുള്ളത് ?

@ വികസനത്തുടർച്ചയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് ജനപ്രതിനിധികളുടെയും ഭരണസംവിധാനങ്ങളുടെയും സഹായം തേടും. നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും, പുതിയ പദ്ധതികളും മനസിലുണ്ട്. റെയിൽ വേ സ്റ്റേഷൻ വികസനത്തിന്റെ പൂർത്തീകരണം, കേരളത്തിലെ ആദ്യത്തെ ആറ് വരി ബൈപ്പാസ് പൂർത്തീകരണം, മെഡിക്കൽ കോളേജിൽ കൊണ്ട് വന്ന 150 കോടി രൂപയുടെ പി.എം.എസ്.എസ്.വൈ പദ്ധതിയുടെ പൂർത്തീകരണം, 19 കോടി രൂപയുടെ വികലാംഗക്ഷേമ കേന്ദ്രത്തിന്റെ പൂർത്തീകരണം, കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിന്റെ സാദ്ധ്യത, എന്നിവയ്ക്കായ് പരിശ്രമിക്കും.

? വ്യക്തിഹത്യാ ആരോപണത്തിൽ തുടർ നടപടികൾ എന്തൊക്കെയാണ്?

@ വ്യക്തിഹത്യ നടത്തിയപ്പോൾ ആദ്യം സ്വാഭാവികമായ ഒരു വിഷമം ഉണ്ടായി. എന്നാൽ കൂടെയുള്ളവർ മാത്രമല്ല, രാഷ്ട്രീയത്തിന് ഉപരിയായി അടുപ്പം പുലർത്തിയ എതിർപാളയത്തിലുള്ളവരും നൽകിയ പിന്തുണയാണ് അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്തേകിയത്. നിയമപരമായി എന്തുചെയ്യണമെന്നത് പാർട്ടിയും മുന്നണിയുമായി ആലോചിച്ച് മുന്നോട്ടുപോകും.

? വോട്ടർമാരോട് നന്ദി അറിയിക്കുന്നതിന്റെ ഇടയിലുണ്ടായ അപകടം ഏറെ ആശങ്കയോടെയാണ് കോഴിക്കോട്ടുകാർ അറിഞ്ഞത്. അവരോട് എന്താണ് പറയാനുള്ളത്?

@ അപ്രതീക്ഷിതമായ ഒരു വീഴ്ച കാരണം ജനങ്ങൾക്കിടയിൽ നിന്ന് താത്കാലികമായ് മാറിനിൽക്കേണ്ട സാഹചര്യം സൃഷ്ടിച്ചു. അതാണ് ഏറെ വേദനയുളവാക്കുന്നത്. എങ്കിലും ലോക്‌സഭാ നടപടികളുടെ ഭാഗമാകാൻ ശ്രദ്ധിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ വിശ്രമം തുടരുകയാണ്. എന്നാലും എത്രയും വേഗം ജനങ്ങൾക്കിടയിലേക്കെത്തും.

? വിശ്വാസികൾ ഒപ്പം നിന്നെന്നാണ് വിലയിരുത്തൽ. എല്ലാ മതത്തിലും ജാതിയിലും പെട്ടവരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ?

@ ഞാനൊരു വിശ്വാസിയാണ്, കറകളഞ്ഞ മതേതര വിശ്വാസി കൂടിയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഭിന്നമായി ഇത്തവണ ന്യൂനപക്ഷ-ഭൂരിപക്ഷ ജനവിഭാഗം ഒറ്റക്കെട്ടായി ഞങ്ങൾക്ക് പിന്നിൽ അണിചേർന്നു. വിവിധ വിശ്വാസ ധാരയിലുള്ളവരുടെ സഹകരണം ലഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിസീമമായ സഹകരണവും എടുത്തുപറയേണ്ടതാണ്.