കോഴിക്കോട്: അക്ഷരങ്ങളെ സ്നേഹിച്ച രാഷ്ട്രീയ നേതാവിയിരുന്നു എ. സുജനപാലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുൻമന്ത്രി എ. സുജനപാൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം.

അക്ഷരങ്ങളെ സ്നേഹിക്കുകയും അത് തന്റെ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഏറ്റവും നല്ല രീതിയിൽ പകർത്തുകയും ചെയ്ത മനുഷ്യസ്നേഹിയായ നേതാവായിരുന്നു സുജനപാൽ. ദേശീയ പ്രസ്ഥാന കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത കോഴിക്കോടൻ മണ്ണിലെ പോരാളികളുടെ പിന്തുടർച്ചകാരനായിരുന്നു സുജനപാൽ. ജവഹർലാൽ നെഹറുവിന്റെ പാത പിന്തുടർന്ന അദ്ദേഹം ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി നിലകൊണ്ടു. പൊതുജീവിതത്തിന്റെ വലിയ ഭാഗം യാത്രകൾക്കും എഴുത്തിനും ചിത്രരചനയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നീക്കിവെച്ചു.
സുജനപാലിനെ പോലെയുള്ള പ്രതിഭാശാലിയായ രാഷ്ട്രീയ പ്രവർത്തകർ കേരള രാഷ്ട്രീയത്തിൽ തന്നെ അപൂർവമാണെന്നും സുജനപാൽ നൽകിയ സംഭാവനകൾ ഏതൊരു രാഷ്ട്രീയകാരനും മാതൃകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഡി സി സി സംഘടിപ്പിച്ച ചിത്രരചനാ വിജയികൾക്കുള്ള സമ്മാന വിതരണം മുല്ലപ്പള്ളി നിർവ്വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി. ശങ്കരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ എം. വീരാൻകുട്ടി, കെ.സി. അബു, കെ.പി. സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, എ.ഐ.സി.സി അംഗം പി.വി. ഗംഗാധരൻ, ചിത്രകാരൻ പോൾ കല്ലാനോട്, മുൻ മന്ത്രി എം.ടി. പത്മ, കൂടാളി അശോകൻ, കെ. രാമചന്ദ്രൻ, വി.എം. ചന്ദ്രൻ, കെ.പി. ബാബു, എം. രാജൻ, പി. മൊയ്തീൻ, കെ.വി. സുബ്രഹ്മണ്യൻ, രവീന്ദ്രൻ കോളോത്ത്, കണ്ടിയിൽ ഗംഗാധരൻ, പി. ഉഷാദേവി, . ജയശ്രീ എന്നിവർ സംസാരിച്ചു.