കോഴിക്കോട്: ആറു ദിവസം കൂടി മതി, സംസ്ഥാനത്തെ റെയിൽ ട്രാക്കുകൾ പൂർണമായും ഹരിതപാതയാകും! കേരളത്തിൽ ഓടുന്ന പാസഞ്ചറുകൾ മുതൽ മെയിൽ, എക്സ്പ്രസുകൾ വരെ മുഴുവൻ ട്രെയിനുകളിലും ബയോ ടോയ്ലറ്റുകൾ ഘടിപ്പിക്കുന്ന ജോലി 30 ന് പൂർത്തിയാകും. അതോടെ, യാത്രക്കാരുടെ വിസർജ്യം ട്രാക്കുകളിൽ വീഴുന്ന പ്രശ്നത്തിന് പരിഹാരമാകും.
തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ ആകെ രണ്ടായിരം കംപാർട്ട്മെന്റുകളുണ്ട്. അവയിൽ ബയോ ടോയ്ലറ്റുകൾ ഘടിപ്പിക്കുന്ന ജോലി ഇനി 18 എണ്ണത്തിലേ ബാക്കിയുള്ളൂ. പാലക്കാട് ഡിവിഷനിൽ 573 കംപാർട്ട്മെന്റുകളിൽ 18 എണ്ണത്തിൽ പണി ബാക്കിയുണ്ട്. അതു കൂടി കഴിഞ്ഞാൽ ട്രാക്കുകൾ ക്ളീൻ.
എല്ലാ ട്രെയിനുകളിലും, മുഴുവൻ കംപാർട്ട്മെന്റുകളിലും ബയോ ടോയ്ലറ്റുകൾ വരുന്നതോടെ ട്രാക്കുകൾ മാത്രമല്ല, റെയിൽവെ സ്റ്റേഷനുകളും പരിസരവും കൂടി വൃത്തിയാകും.
ട്രാക്കുകൾ വൃത്തിയാക്കാൻ ശക്തിയോടെ വെള്ളം ചീറ്റുമ്പോൾ മാലിന്യത്തിനൊപ്പം മണ്ണും ഒലിച്ചു പോകുന്നതായിരുന്നു മറ്റൊരു പ്രശ്നം. ബയോ ടോയ്ലറ്റുകൾ വ്യാപകമാകുന്നതോടെ ട്രാക്ക് വൃത്തിയാക്കൽ എളുപ്പമാകും. ട്രാക്ക് അറ്റകുറ്റപ്പണികളും കുറയും. ഗ്വാളിയർ - വാരണാസി ബുന്ദേൽഖണ്ഡ് എക്സ്പ്രസിൽ 2011 ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി ബയോ ടോയ്ലറ്റ് ഘടിപ്പിച്ചത്. ഒരു ബയോ ടോയ്ലറ്റിന് ഒരു ലക്ഷം രൂപയോളമാണ് ചെലവ്.