കണ്ണൂർ: കോൺഗ്രസിൽ നിന്ന് പുറത്തായി ബി.ജെ.പിയിലേക്ക് ചാടാൻ നിൽക്കുന്ന എ.പി. അബ്ദുള്ളക്കുട്ടിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി സൂചന. ബി.ജെ.പിയിൽ സജീവമാകുന്നതോടെ സ്ഥാനം നൽകാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയതായി അബ്ദുള്ളക്കുട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.
അതേസമയം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഞ്ചേശ്വരത്ത് മത്സരിക്കാൻ താത്പര്യമില്ലെന്നും അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തുന്നതോടെ സംഘടനയ്ക്ക് മുസ്ലീം വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ബി.ജെ.പിയിൽ അംഗത്വം ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെയൊന്നും സമീപിക്കാതെ നേരെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ചേർന്ന ബി.ജെ.പി നേതൃയോഗത്തിൽ ചിലർ അബ്ദുള്ളക്കുട്ടിയെ സംഘടനയിൽ എടുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വമാണ് അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നൽകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്..
രാഷ്ട്രീയത്തിലെ എല്ലാ അടവുകളും പഠിച്ച ശേഷമാണ് എ.പി.അബ്ദുള്ളക്കുട്ടി സി.പി.എമ്മിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രകീർത്തിച്ച തനിക്ക് സി.പി.എമ്മിൽ നിന്നു നടപടിയുണ്ടാകുമെന്ന് അബ്ദുള്ളക്കുട്ടി അന്നേ കരുതിയാണ്. പുറത്താക്കും മുമ്പ് കോൺഗ്രസിൽ അബ്ദുള്ളക്കുട്ടി ഇരിപ്പിടവും ഉറപ്പിച്ചിരുന്നു. സി.പി.എമ്മിൽനിന്ന് പുറത്തു കടക്കാൻ വർഷങ്ങൾക്കു മുമ്പ് സ്വീകരിച്ച അതേ മാർഗമാണ് കോൺഗ്രസിൽ നിന്നു ചാടാനും അബ്ദുള്ളക്കുട്ടി പയറ്റിയത്. അന്ന് സി.പി.എമ്മിലെ യുവനേതാവായ അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിച്ചതിന് പിന്നാലെയാണ് സി.പി.എമ്മിൽ നിന്ന് പുറത്തായത്. 2009ൽ ദുബായിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വികസനത്തെ വാനോളം പുകഴ്ത്തുകയായിരുന്നു. മോദി ഗാന്ധിജിയുടെ നയങ്ങൾ പിന്തുടരുന്നുവെന്ന് പറഞ്ഞതിനാണ് ഇത്തവണ കോൺഗ്രസിൽ നിന്ന് പുറത്തായത്.