കുറ്റിയാടി: അക്ഷരവരവേൽപ്പോടെ വായനാ പക്ഷാചരണത്തിന് തുടക്കമായി . ജില്ലയിലെ തന്നെ മികച്ച ഗ്രന്ഥാലയങ്ങളായ വടയം തപസ്യ വായനശാല, നിട്ടൂർ ഭഗത് സിംഗ് സ്മാരക വായനശാല ഗ്രന്ഥാലയം, നരിക്കൂട്ടുംചാൽ വേദിക വായനശാല തുടങ്ങിയ വിടങ്ങളിലാണ് അക്ഷരവരവേൽപ്പ് സംഘടിപ്പിച്ചത്. തപസ്യ, വേദിക വായനശാലകൾ സന്ദർശിക്കാൻ നടുപ്പൊയിൽ യു.പി.സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി. നാട്ടുകാരും വായനശാല ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് അക്ഷര വരവേൽപ്പ് നൽകി. ഗ്രന്ഥശാലകളിലെ പുസ്തകങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. വേദികയിൽ യൂത്ത് ഫോറം പ്രവർത്തകർ കുട്ടികൾക്ക് മധുരം വിതരണം നടത്തി. വായനശാലകൾക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവനയായി നൽകി. വേദിക വായനശാലയിലെ ഏറ്റവും മുതിർന്ന വായനക്കാരി എള്ളിൽ പത്മാവതി അമ്മ വായനാനുഭവങ്ങൾ പങ്കുവച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിട്ടൂർ ഭഗത് സിംഗ് വായനശാലയിൽ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ് മത്സരം, സാഹിത്യ സദസ് എന്നിവ നടത്തി. പക്ഷാചരണത്തോടനുബന്ധിച്ച് കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത ' എന്ന ഗ്രന്ഥത്തിന്റെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭഗത് സിംഗ് പ്രവർത്തകർ. നിട്ടൂർ ഗ്രാമത്തിലെ മുഴുവൻ വീടുകളിൽ നിന്നും ഓരൊ പുസ്തകം സംഭാവനയായി സ്വീകരിക്കാനുള്ള യഞ്ജത്തിന് ചൊവ്വാഴ്ച തുടക്കമാവും. നിട്ടൂർ എൽ.പി.സ്‌കൂളുമായി കൂടി ചേർന്ന് ' അയൽപക്കത്തൊരു പുസ്തകശാല' പുസ്തക വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. തപസ്യ, വേദിക വായനശാലകളിൽ ഭാരവാഹികളും സ്‌കൂൾ അദ്ധ്യാപകരുമായ ഇ.എം.ദിനേശൻ, കെ.പി.ചന്ദ്രൻ ,എ .പി .രാജേഷ്, പി.കെ.സുരേഷ് ,സജീവൻ ചീനേന്റെ വിട, കെ.മുനീർ, കെ.പി.ഷർനാസ്, കെ.കെ.സന്തോഷ്, ജെ.എസ്.വിശ്വജിത്ത് തുടങ്ങിയവർ അക്ഷര വരവേൽപ്പിന് നേതൃത്വം നൽകി. ഭഗത് സിംഗ് വായനശാലയിൽ നടന്ന സാഹിത്യ സദസ്സ് എൻ.പി.പ്രേമൻ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശൻ അദ്ധ്യക്ഷനായി. സി. പി.സിനീഷ്, മലക്കാരി വട്ടത്ത് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ ക്വിസ്സിൽ യഥാക്രമം അഭിഷേക് നമ്പീശൻ, ദീപിക, ചന്ദനചന്ദ്രൻ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.