പേരാമ്പ്ര : ഒരു പ്രദേശമാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ സമയത്ത് പൊതു കിണറിന് സ്ഥലം സൗജന്യമായി നൽകിയ കുടുംബത്തിന് തന്നെ ആ കിണർ ഭീഷണിയാവുന്നതായി പരാതി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള കുട്ടോത്ത് പെരുവാന്തി പട്ടികജാതി കോളനിയിലെ പെരുവാന്തി കൃഷ്ണനും കുടുംബത്തിനുമാണ് തന്റെ വീടിനോട് ചേർന്ന് പൊതു കിണർ ഭീഷണിയാവുന്നത്. ഈ കോളനിയിലെ 20 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി നിർമ്മിച്ച കിണർ ഇന്ന് ഉപയോഗ ശൂന്യമായി കിടക്കുകയും നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്നു. 1988ൽ ഗ്രാമപഞ്ചായത്ത് കോളനിയിൽ പൊതു കിണർ അനുവദിച്ചപ്പോൾ ആരും സ്ഥലം നൽകാതെ വന്നപ്പോൾ കൃഷ്ണൻ തന്റെ വീടിനോട് ചേർന്ന് ഒരു സെന്റ് സ്ഥലം കിണറിനായി പഞ്ചായത്തിന് നൽകുകയായിരുന്നു. കിണർ നിർമ്മാണം പൂർത്തിയായി ഉപയോഗിച്ചു കൊണ്ടിരിക്കെ 3 വർഷം മുമ്പ് ശക്തമായ മഴയിൽ കിണർ ഇടിയുകയായിരുന്നു. കിണർ നവീകരണത്തിന് 2017-18 വർഷത്തിൽ ഗ്രാമപഞ്ചായത്ത് 3ലക്ഷം രൂപ അനുവദിച്ച് കരാർ നൽകി. എന്നാൽ പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ നവീകരണ പ്രവൃത്തി നിലയ്ക്കുകയും കിണർ ഉപയോഗ ശൂന്യമായി മാറുകയും ചെയ്തതായി പ്രദേശവാസികൾ പരാതിപ്പെട്ടു .
കാരയിൽ റോഡിനോട് ചേർന്ന് കിടക്കുന്ന ആൾമറയോ, വേലിയോ ഇല്ലാത്ത പൊതു കിണർ വാഹനങ്ങൾക്കും യാത്രക്കാർക്കും കോളനിയിലെ കുടുംബങ്ങൾക്കും ഭീഷണിയാണ്. നിത്യരോഗിയായ കൃഷ്ണന്റെ വീടിന് കിണറുമായി ഒരു മീറ്റർ പോലും അകലമില്ല. കിണർ വീണ്ടും ഇടിയുകയാണെങ്കിൽ നിർമ്മാണം പൂർത്തിയാക്കാത്ത വീടിന്റെ നിലനില്പ് ആശങ്കയിലാണ്. ഈ വീട്ടിലുള്ള ചെറിയ കുട്ടികൾക്കും മറ്റു വീടുകളിലെ കുട്ടികൾക്കും കിണർ ഭീഷണിയാണ്. കനത്ത മഴയുള്ള ദിവസങ്ങളിൽ
ഇവരുടെ ഉള്ളിൽ ആധി വർദ്ധിക്കുകയാണ്. നാടാകെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടപ്പോഴും ഈ കിണറിൽ നിറയെ വെള്ളമുണ്ടായിരുന്നെങ്കിലും ഇത് ഉപയോഗിക്കാനാവാതെ വാഹനങ്ങളിൽ വിതരണം ചെയ്ത വെള്ളത്തെ ആശ്രയിക്കുകയാണ് കോളനി നിവാസികൾ. കിണർ എത്രയും പെട്ടെന്ന് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ഉപയോഗ യോഗ്യമാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.