കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭ അംഗീകരിച്ച ബില്ലിലെ വ്യവസ്ഥകൾ പൂർണമായി നടപ്പാക്കാത്ത ഒരു ഒത്തുതീർപ്പും അംഗീകരിക്കേണ്ടതില്ലെന്ന് കോംട്രസ്റ്റ് സമര സമിതി ജനറൽ ബോഡി യോഗം തീരുമാനിച്ചു . ഇന്നലെ എ.ഐ.ടി.യു.സി ഓഫീസിൽ ചേർന്ന സംയുക്ത സമര സമിതിയാണ് തീരുമാനമെടുത്തത്. 26 ന് വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ സമര സമിതി ഭാരവാഹികളെ ക്ഷണിക്കാത്തത് ദുരൂഹമാണെന്നും ചർച്ച നടക്കുകയാണെങ്കിൽ സമരത്തിലുള്ള
സംഘടനകളെ പ്രതിനിധീകരിച്ച് തൊഴിലാളി നേതാക്കൾ പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമര സമിതി കൺവീനർ ഇ. സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. 26 നുള്ള യോഗത്തിൽ സമര സമിതിയെ ഇതുവരെ വിവരമറിയിച്ചിട്ടില്ലെന്നത് ദുരൂഹതയുണർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോംട്രസ്റ്റ് സമരത്തിൽ സർക്കാരുമായി ഇതുവരെ ചർച്ച നടത്തിയത് സമര സമിതിയാണ്. തൊഴിലാളി യൂണിയനുകളെ അവഗണിച്ച് ചർച്ച മുന്നോട്ട് കൊണ്ടപോകാനാകില്ല അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രനും വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.സി. രാമചന്ദ്രൻ, കെ. ജഗത്, എം. ഉല്ലാസ്, പി. കെ. നാസർ, പി. ശിവപ്രകാശ്, സി. മണി എന്നിവരും യോഗത്തിൽ പങ്കെടുത്തു.