വടകര: ഇതരസംസ്ഥാനക്കാരുമായി ഇടപെടേണ്ടി വരുന്നതിനാൽ ജനമൈത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ബീറ്റ് ഓഫീസര്‍മാര്‍ ഹിന്ദി പഠിച്ചു തുടങ്ങി. പദ്ധതിയുടെ ഭാഗമായി ബീറ്റ് ഓഫീസര്‍മാര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോകേണ്ടി വരുന്നുണ്ട്. ആശയ വിനിമയത്തിന് പൊലിസുകാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയത് കാരണമാണ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഹിന്ദി ഭാഷാ പരിശീലനം നല്‍കാന്‍ തീരുമാനമായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഹിന്ദി ഭാഷാ പരിശീലനത്തിന്റെ ആവശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബീറ്റ് ഓഫീസര്‍മാര്‍ ആഴ്ചയില്‍ അഞ്ചു ദിവസം അതാത് സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച് താമസക്കാരുടെ വിവരങ്ങളും സ്ഥലത്തെ സുരക്ഷാ പ്രശ്നങ്ങളും മറ്റും ശേഖരിച്ചു വരുന്നുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റും പൊലിസിന് ഇതു വഴി വിവരം ലഭിക്കുന്നു. നിലവില്‍ സംസ്ഥാനത്തെ ഇതര സംസ്ഥാനക്കാരെ കുറിച്ച് ഒരു രേഖയും പൊലിസിന്റെ കൈവശം ഇല്ല. ഈ സാഹചര്യത്തില്‍ ബീറ്റ് പൊലിസിന്റെ വീട് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സാമൂഹ്യ വിരുദ്ധരെ സംബന്ധിച്ചും മറ്റും ലഭിക്കുന്ന പരാതികള്‍ അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹാരം കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കൂടാതെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും അവരവരുടെ ബീറ്റ് ഏരിയയില്‍ നടത്തും. എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂര്‍ സമയമാണ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഹിന്ദി സ്‌പോക്കണ്‍ ക്ലാസ് നല്‍കുന്നത്. ഹിന്ദി അദ്ധ്യാപകരായ നരിപ്പറ്റ ആര്‍.എന്‍.എം.എച്ച്.എസിലെ പത്മജന്‍, ചിങ്ങപുരം സി.കെ.ജി.എച്ച്.എസിലെ സതീഷ് ബാബു എന്നിവരാണ് ക്ലാസെടുക്കുന്നത്. റൂറല്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ 42 ഉദ്യോഗസ്ഥരാണ് ഹിന്ദി പഠനം ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍ എന്നിവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.