രാമനാട്ടുകര: നിർത്തിയിട്ട ലോറികളിൽ നിന്നും പണം മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ ഫറോക്ക് പൊലീസ് പിടികൂടി. അരക്കിണർചാക്കീരിക്കാട് പറമ്പ് ഇസ്ഹാഖ് (43) മാത്തോട്ടം നൂഞ്ഞിയിൽ പറമ്പ് അനസ് (36) എന്നിവരെയാണ് ഫറോക്ക് എസ്. ഐ. കെ.മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനിൽ മേൽപ്പാലത്തിന് താഴെ നിർത്തിയിട്ട ചരക്ക് ലോറിയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്ക് പണം കവരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയിൽ ഉറങ്ങി കിടക്കുന്ന ഡ്രൈവറിൽ നിന്നും 660 രൂപയും ടോർച്ചും ഇവർ കൈക്കലാക്കിയിരുന്നു.കോഴിക്കോട് നഗരത്തിലെ കാർ ഡീലർമാർക്ക്കാറുമായി വരുന്ന വലിയ ലോറികളിൽ നിന്നും കാർ ഇറക്കാൻ പതിവായി ബൈപ്പാസ് ജംഗ്‌ഷനിൽ കാത്തു നിൽക്കുന്ന ഡ്രൈവർമാരാണ് ഇവരെ ഓടിച്ച് പിടികൂടിയത്.ജില്ലാ അതിർത്തിയിൽ ഇടിമൂഴിക്കൽ കോയിക്കൽ കയറ്റത്തിൽ നിന്നുമാണ് രാവിലെ പള്ളിയിൽ നിസ്കാരം കഴിഞ്ഞു വരുന്നവരുടെ സഹായത്തോടെ പിടികൂടിയത് .പതിവായി ഇവിടെ നിർത്തിയിടുന്ന ലോറികളിൽ നിന്നും പണം കവരുന്നതാണ് ഇവരുടെ മോഷണ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.