കോഴിക്കോട്: കളക്ട്രേറ്റിലും വിവിധ വകുപ്പുകളിലും അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷകളിൽ തീരുമാനമാവുന്നതിനും യാതൊരു വിധത്തിലുള്ള കാലതാമസമോ തടസ്സമോ ഉണ്ടാവരുതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. ഇ-ഓഫീസിന്റെ ഭാഗമായുളള അപേക്ഷകൾ സമർപ്പിക്കാനുള്ള ഓൺലൈൻ സംവിധാനമായ ഇ-ആപ്ലിക്കേഷൻ കാര്യക്ഷമമായും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിലെ മുഴുവൻ ഓഫീസുകളും മറ്റ് ഓഫീസുകളും ഉൾപ്പടെ 28 ഓഫീസുകളിലാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. നാല് താലൂക്ക്, മുഴുവൻ വില്ലേജ് ഓഫീസുകൾ, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, ഫിഷറീസ്, ഇറിഗേഷൻ, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. അപേക്ഷയിൻമേലുള്ള മറുപടിയും ഓൺലൈനായി ലഭിക്കും. ഓഫീസുകൾ കയറി ഇറങ്ങാതെയും അവസരം കാത്ത് നിൽക്കാതെയും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുമെന്നതാണ് ഇ-ഓഫീസിന്റെ ഗുണം. നാഷണൽ ഇൻഫോർമാറ്റിക് സെന്റർ രൂപകൽപന ചെയ്ത http://eoffice.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-ഗവേണൻസിലൂടെ സർക്കാർ സേവനങ്ങൾ പൗരൻമാർക്ക് സൗകര്യപ്രദമായും സുതാര്യവും സമയബന്ധിതമായും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ മെഴ്സി സെബാസ്റ്റ്യൻ, ജില്ലാ നോഡൽ ഓഫീസർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
# രജിസ്റ്റർ ചെയ്യേണ്ട വിധം
പൊതുജനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ അപേക്ഷ സമർപ്പിക്കാൻ ഇ-ഓഫീസ് സംവിധാനം ഉപയോഗിക്കാം. ഇതിനായി http://eoffice.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. അപ്പോൾ തുറക്കുന്ന ഇ-ഓഫീസ് സിറ്റിസൺ പോർട്ടൽ എന്ന പേജിൽ നിന്നും ഇ-ആപ്ലിക്കേഷൻ എന്ന ടാബ് തിരഞ്ഞെടുക്കുക. രജിസ്റ്റർ നൗ എന്ന ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ നൽകുക. ഒ.ടി.പി വെരിഫിക്കേഷൻ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് യൂസർ ഐ.ഡിയും പാസ് വേർഡും മെസ്സേജായി ലഭിക്കും. ഇവ ഉപയോഗിച്ച് ഇ-ആപ്ലിക്കേഷൻ ടാബ് തുറന്ന് ലോഗിൻ ചെയ്യാവുന്നതാണ്.
വിവരങ്ങൾ സ്‌കാൻ ചെയ്ത് അപ് ലോഡ് ചെയ്യുകയോ ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. മൊബൈൽ നമ്പറിലേക്ക് വരുന്ന ഇ-പെറ്റീഷൻ നമ്പർ ഉപയോഗിച്ച് ഇ-ആപ്ലിക്കേഷൻ സ്റ്റാറ്റസിൽ നിന്നും അപേക്ഷയുടെ അപ്പോഴത്തെ സ്ഥിതി മനസ്സിലാക്കാൻ സാധിക്കും.