കോഴിക്കോട്: അടിയന്തരാവസ്ഥയുടെ കാലത്ത് പീഡനങ്ങൾ അനുഭവിച്ചവർക്ക് അശ്വാസം പകരുന്ന പെൻഷൻ അനുവദിക്കാൻ തയ്യാറായ ഇന്നത്തെ സർക്കാറിനെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. വിജിൽ ഹ്യൂമൻ റൈറ്റ്സ് കോഴിക്കോട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അളകാപുരിയിൽ വച്ച് നടന്ന 'അടിയന്തരാവസ്ഥ ഒരു ഓർമപ്പെടുത്തൽ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥാകാലത്ത് പീഡനങ്ങൾ അനുഭവിച്ചവർക്ക് ചികിത്സാ സഹായങ്ങൾ ഉൾപ്പെടെ നീതി ലഭിക്കുന്ന തരത്തിലാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് മനസിലായിട്ടുള്ളത്. അത് ശ്ലാഘനീയമാണ്. നല്ലതുപോലെ അത് മുന്നോട്ട് കൊണ്ടുപോവാൻ ഇടതുപക്ഷത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കാലം കടന്നുപോവുന്നതനുസരിച്ച് അടിയന്തരാവസ്ഥയുടെ ഓർമകൾ പുതുതലമുറയിൽ ശോഷിച്ച് വരികയാണ്. എന്നാൽ അന്നത്തെ കാലത്തെ പലർക്കും ഇപ്പോഴും ഞെട്ടിക്കുന്ന അനുഭവമാണ്. 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന് അന്ന് മാദ്ധ്യമങ്ങൾ പറഞ്ഞു. അതിലും വലിയ ഏകാധിപത്യം വേറെയില്ല. വാക്കുകൾക്ക് സ്വാതന്ത്ര്യം ഇല്ലാതായി. എല്ലാത്തിനും ഭരണകൂടത്തിന്റെ അനുമതി വേണം. ഇന്നും വാക്കുകൾക്ക് സ്വാതന്ത്ര്യമില്ലെന്ന് എന്റെ അനുഭവം. എനിക്കെതിരെയുള്ള മൂന്ന് കേസുകളും വാക്കുകൾ ഉപയോഗിച്ചതിനാണ്. ശബരിമലയിൽ ഭജനനടത്തിയതിനാണ് ഒരു കൂട്ടം ആളുകളെ അറസ്റ്റു ചെയ്തത്. ഇന്നും വാക്കുകൾക്ക് സ്വാതന്ത്യമില്ല എന്നാണ് ഇതിൽ നിന്നും മനസിലാവുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ജോസഫ് പി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി വേലായുധൻ ആമുഖപ്രഭാഷണം നടത്തി. പി ഗോപാലൻകുട്ടി, ഫിലിപ്പ് എം പ്രസാദ്, എൻ.പി ചെക്കൂട്ടി, വത്സൻ നെല്ലിക്കോട്, ശശിധരൻ അയനിക്കാട്, സുനിൽ പാട്ടത്തിൽ, ശ്യാം സുകുമാരൻ, ബാലകൃഷ്ണൻ, ഗോവിന്ദൻ, ഇമ്പിച്ചിക്കുട്ടി, ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.