കോഴിക്കോട്: നിലപാടുകളിൽ ഉറച്ചു നിന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളിയായിരുന്നു ഗിരീഷ് കർണാടെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. യുവകലാസാഹിതി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന ഗിരീഷ് കർണാട് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപായകരമായ ആത്മാർത്ഥയാണ് ഗിരീഷ് കർണാട്. ഫാസിസ്റ്റുകാലത്ത് നിർഭയമായി താനൊരു നഗര നക്സലാണെന്ന് പ്രഖ്യാപിക്കാൻ ചങ്കൂറ്റം കാണിച്ച ഗിരീഷ് കർണാടിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്. തന്റെ കലാജീവിതം പൂർണ്ണമായും മതേതര കാഴ്ചപ്പാടിൽ ഉറച്ചു നിന്ന് നിർഭയമായി മുന്നോട്ടുപോയ നാടക-ചലച്ചിത്ര പ്രവർത്തകനും സാഹിത്യകാരനുമായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ശക്തികൾ രാജ്യത്ത് അപകടകരമായ രീതിയിൽ പിടിമുറുക്കുന്ന വർത്തമാനകാലത്ത് ഗിരീഷ് കർണാടിന്റെ സ്മരണകൾ നമുക്ക് കരുത്താവണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി കുഞ്ഞാമു അനുസ്മരണ പ്രഭാഷണം നടത്തി.ഡോ: ശരത് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ: ഒ കെ മുരളീകൃഷ്ണൻ, സി പി സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് കുരുവട്ടൂർ സ്വാഗതവും ടി എം സജീന്ദ്രൻ നന്ദിയും പറഞ്ഞു.