പഴി മുഴുവൻ ജീവനക്കാർക്ക്

കോഴിക്കോട്: സപ്ളൈകോവിന് സർക്കാർ സഹായം ഇല്ലാതാകുമ്പോൾ പഴി മുഴുവൻ കേൾക്കേണ്ടി വരുന്നത് ജീവനക്കാർക്ക്. കുറച്ച് കാലമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാവേലി സ്റ്റോറുകളിലും സപ്ളൈകോവിന്റെ സൂപ്പർ മാർക്കറ്റുകളിലും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരി, പഞ്ചസാര, വെളിച്ചെണ്ണ, മല്ലി, മുളക്, കടല, ഉഴുന്ന്, പയർ ഉൾപ്പെടെയുള്ള 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നില്ല. ചില സാധനങ്ങൾ പരിമിതമായ തോതിൽ എത്താറുണ്ടെങ്കിലും വിവരം അറിഞ്ഞ് ജനങ്ങൾ എത്തുമ്പോഴേക്കും സാധനങ്ങൾ തീർന്നിരിക്കും. വിതരണത്തിനായി എത്തുന്ന നിത്യോപയോഗ സാധനങ്ങൾ ജീവനക്കാർ സ്വന്തക്കാർക്ക് മാത്രമായി നൽകുകയാണെന്നും പൊതുമാർക്കറ്റിൽ മറിച്ച് വിൽക്കുകയാണെന്നുമാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള പോലുള്ള ചില സംഘടനകളും ഈ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ചാണ് സപ്ളൈകോ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്നത്. സപ്ളൈകോവിന് സാധനങ്ങൾ വിതരണം ചെയ്യുന്ന പല സ്ഥാപനങ്ങൾക്കും കോടികൾ കുടിശികയായുണ്ട്. ഇത് കാരണം സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സബ്‌സിഡി മട്ട അരി സപ്ളൈകോയിൽ വിതരണം നിലച്ചിട്ട് മാസങ്ങളായി. പഞ്ചസാര വളരെ പരിമിതമായ തോതിൽ മാത്രമെ വിതരണം ചെയ്യുന്നുള്ളു. ചോദിക്കുന്നതിന്റെ അഞ്ചിലൊന്ന് ഭാഗം മാത്രമെ ലഭിക്കുന്നുള്ളു. വിതരണത്തിന് എത്തിയാൽ പെട്ടെന്ന് തന്നെ തീരുകയും ചെയ്യും. മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും സ്ഥിതി ഇത് തന്നെയാണ്. സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പോംവഴി. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും അനുവദിച്ച തുകയെങ്കിലും ലഭ്യമാക്കിയാൽ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ സാധിക്കും.

സപ്ളൈകോ ആവശ്യപ്പെട്ടത് 400 കോടി

അനുവദിച്ചത് 200 കോടി

ലഭിച്ചത് 100 കോടി