കൽപ്പറ്റ: കാപ്പി കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം. ഇതിന് പരിഹാരമായി വിപണനത്തിന് മൊബൈൽ ആപ്പ് തയ്യാറായി. ബ്ലോക്ക് ചെയിൻ ബേസ്ഡ് മാർക്കറ്റ് പ്ലേസ് ഫോർ കോഫി എന്ന പേരിലാണ് കാപ്പി വിപണനത്തിന് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. ഉൽപ്പാദകന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താവിന് ഗുണമേന്മയുള്ള കാപ്പി ലഭ്യമാക്കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം. കയറ്റുമതിക്കാർക്ക് ഇടനിലക്കാരെ ഒഴിവാക്കി യഥാർത്ഥ വിതരണക്കാരെ കണ്ടെത്താനും ഈ ആപ്പ് ഉപയോഗപ്രദമാകും.
വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുകയാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: പി. കറുത്തമണി പറഞ്ഞു. ആപ്ലിക്കേഷന്റെ പ്രവർത്തനം പഠിപ്പിക്കുന്നതിനും പ്രചരണം നൽകുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തും. കാപ്പി കർഷകർ, ഉൽപ്പാദക കമ്പനികൾ, സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവരെ ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളാക്കും. ഇന്ന് 27ന് കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിലാണ് ആദ്യ പരിപാടി.