കോഴിക്കോട്: കോഴിക്കോടിന്റെ ഓട്ടോ പെരുമ നിലനിറുത്താൻ പൊലീസ് ഇടപെടുന്നു. നഗര പരിധിയിലെ ഓട്ടോ ഡ്രൈവർമാരുടെ ക്രിമിനൽ പാശ്ചാത്തലം പൊലീസ് പരിശോധിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുമായി പൊലീസ് നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. കോഴിക്കോട്ടെ ഓട്ടോറിക്ഷകളെക്കുറിച്ച് നല്ല മതിപ്പാണെങ്കിലും അടുത്ത കാലത്തായി മറ്റ് സ്ഥലങ്ങളിൽ നിന്ന് കോഴിക്കോട് എത്തി ഓട്ടോ ഓടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ഇവർ കോഴിക്കോടിന്റെ ഓട്ടോ പെരുമയ്ക്ക് കളങ്കം വരുത്തുന്നതിന് പുറമെ ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇടപെടാൻ പൊലീസ് തീരുമാനിച്ചത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഭിന്നമായി കോഴിക്കോട്ടെ ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ നേതാക്കൾ ഇതിന് എല്ലാ പിന്തുണയും നൽകി മാതൃകയാവുകയായിരുന്നു.
ഇതിന്റെ ഭാഗമായി സിറ്റിയിലെ ഓട്ടോ ഡ്രൈവർമാർക്ക് പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കേറ്റ് നൽകാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓട്ടോ സ്റ്റാന്റുകളെ ഉൾപ്പെടുത്തി ഒരു വാട്സ് അപ്പ് ഗ്രൂപ്പ് ആരംഭിക്കും. ഇതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അഡ്‌മിൻമാരായിരിക്കും.കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ പങ്ക് വയ്ക്കണം. നഗരത്തിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും സൗജന്യ മെഡിക്കൽ ചെക്കപ്പ് നടത്തും.
ഓട്ടോ ഡ്രൈവർമാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്ട്രസ് മാനേജ്മെന്റ് ക്ളാസുകൾ സംഘടിപ്പിക്കുവാനും ധാരണയായിട്ടുണ്ട്.