കണ്ണൂർ:ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ പാർാിക്കകത്തും പുറത്തും കടുത്ത വിവാദങ്ങൾ നിലനിൽക്കെ നാളെ സി. പി. എം. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യഅജൻഡയായി പരിഗണിക്കുന്നതെങ്കിലും ആന്തൂർ വിഷയം ആളിക്കത്തുമെന്നാണ് സൂചന. ആന്തൂർ നഗരസഭാ പരിധിയിൽപെട്ട ആന്തൂർ, കോടല്ലൂർ, മോറാഴ, ബക്കളം ലോക്കൽ കമ്മിറ്റികളിൽ നഗരസഭാ ചെയർപേഴ്സൺ പി. കെ. ശ്യാമളയ്ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങിനെ നേരിടണമെന്നത് ജില്ലാ കമ്മിറ്റിയെ കുഴയ്ക്കുന്നുണ്ട്.
കീഴ്ഘടകങ്ങളിലുണ്ടായ വികാരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായ വികാരം ഉൾക്കൊള്ളുന്ന തരത്തിലുള്ള തീരുമാനം മാത്രമേ ജില്ലാ കമ്മിറ്റിയ്ക്കും സ്വീകരിക്കാൻ കഴിയുകയുള്ളൂ.
പൊതുജനത്തിന്റെയും പാർട്ടി അംഗങ്ങളുടെയും വികാരം കണക്കിലെടുക്കാതെയുള്ള തീരുമാനമാണ് എടുക്കുന്നതെങ്കിൽ ആന്തൂരിലെയും തളിപ്പറമ്പിലെയും പാർട്ടിക്കകത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുമുണ്ട്.
ശ്യാമളയ്ക്കെതിരെ സി..പി.. എം സംസ്ഥാന കമ്മിറ്റി അംഗം പി..ജയരാജൻ പരസ്യമായി രംഗത്ത് വന്നതിനെതിരെയും വിമർശനമുയർന്നു.. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പൊതുയോഗത്തിൽ പരാമർശിച്ചത് ശരിയായ കീഴ് വഴക്കമല്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. പി..ജയരാജനെ ഒറ്റപ്പെടുത്തി ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
ആന്തൂർ നഗരസഭയെ ചൊല്ലി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിലുണ്ടായ ഭിന്നത നഗരസഭാ ഭരണ നേതൃത്വത്തിലേക്കും നീളുന്നു. ശ്യാമളയുമായി നേരത്തെ നിലനിൽക്കുന്ന അകൽച്ച വൈസ് ചെയർമാൻ കെ.. ഷാജു ഫെയ്സ് ബുക്കിലൂടെ പരസ്യമാക്കിയതോടെ പാർട്ടിയുടെ മേൽത്തട്ടിലെ ഭിന്നത താഴേയ്ക്കും വ്യാപിക്കുകയാണ്.. ശ്യാമളയുമായുണ്ടായ തർക്കത്തെ തുടർന്ന് രാജി ഭീഷണി മുഴക്കിയ നേതാവ് കൂടിയാണ് ഷാജു. പാർട്ടി ഇടപെട്ടാണ് ഷാജുവിനെ അന്നു രാജിയിൽ നിന്നു പിന്തിരിപ്പത്..ആന്തൂർ വിഷയത്തിൽ പി..ജയരാജനും ജെയിംസ് മാത്യുവും സ്വീകരിച്ച നിലപാടിനൊപ്പമാണ് താനെന്നു സൂചിപ്പിച്ചാണ് ഷാജുവിന്റെ പോസ്റ്റ്.
അതേ സമയം ശ്യാമളയെ സംരക്ഷിക്കാൻ സി..പി.. എം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതായാണ് സൂചന. ഉദ്യോഗസ്ഥരെ ബലികൊടുത്ത് ശ്യാമളയെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിക്കണമെന്ന ആവശ്യവും ശക്തമാണ്.