കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഭട്ട് റോഡ് പാർക്ക് കാട് കയറി നശിക്കുന്നു. പാർക്കിന് ചുറ്റും കാട് നിറഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. ടൂറിസ്റ്റുകളും നാട്ടുകാരും ഉൾപ്പെടെ നിരവധി സന്ദർശകർ എത്തുന്ന പാർക്ക് കാട് കയറി പാമ്പുകളുടെ താവളമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പാർക്കിലെ വിശ്രമ കേന്ദ്രങ്ങളുടെയും ഇരിപ്പിടങ്ങളുടെയും ചുറ്റും ഇത്തരത്തിൽ പാമ്പുകളെ കണ്ടെതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. ബീച്ചിൽ കുട്ടികൾക്കായി സ്ഥാപിച്ച ഊഞ്ഞാലും കളി ഉപകരണങ്ങളും നശിച്ച് തുടങ്ങിയിട്ടുണ്ട്.
വർഷങ്ങളായി അധികൃതരുടെ അവഗണനക്കിരയായ പാർക്കാണിത്. ആരംഭകാലത്ത് സെക്യൂരിറ്റി പോലുമില്ലാത്ത പാർക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭട്ട് റോഡ് കൂട്ടായ്മയാണ് പാർക്ക് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൈ എടുക്കുന്നത്. കൊതുക് വളർത്തൽ കേന്ദ്രമായ പാർക്കിലെ നീന്തൽകുളം വൃത്തിയാക്കിയത് ഈ കൂട്ടായ്മയായിരുന്നു. മഴക്കാലമായതോടെയാണ് കാടു കയറി തുടങ്ങിയത്. കോർപറേഷൻ ജീവനക്കാർ പാർക്കിനുള്ളിൽ വൃത്തിയാക്കി മടങ്ങുമെങ്കിലും കാട് വൃത്തിയാക്കാറില്ല. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാർക്കിൽ നട്ട് പിടിപ്പിച്ച വൃക്ഷ തൈകളും പരിപാലിക്കാൻ ആളില്ലാതെ നശിച്ചു തുടങ്ങിയിട്ടുണ്ട്. കടലിനോട് ചേർന്നുള്ള നടപ്പാതയും ഓരത്തുള്ള മനോഹരമായ തൂണുകളുമെല്ലാം നാശത്തിന്റെ വക്കിലാണ്. തൂണുകളിൽ ഘടിപ്പിച്ച ലൈറ്റുകൾ ഒട്ടുമുക്കാലും നശിച്ചു.
രാത്രി പത്തര വരെയാണ് ബീച്ചിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുക. രണ്ട് സെക്യൂരിറ്റികളാണ് രാത്രിയുണ്ടാവുക. പകൽ ഒരാളും. പാർക്കിലെ മൂത്രപ്പുരയോട് ചേർന്നുള്ള ചെറിയ മുറിയിലാണ് ഇവരുടെ താമസം. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടമാണിത്. ടൂറിസം വകുപ്പിന്റെ കീഴിൽ കരാർ വ്യവസ്ഥയിൽ പണിയെടുക്കുന്ന തങ്ങളുടെ ചുമതലയല്ല കാട് വെട്ടി വൃത്തിയാക്കലെന്നും ഇവർ വ്യക്തമാക്കുന്നു. പാർക്ക് വൃത്തിയാക്കാനും ശുചീകരിക്കാനും ടൂറിസം വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.