കൊയിലാണ്ടി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 'പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശിൽപശാല കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനിൽക്കുന്ന കണ്ടൽകാടുകൾ പച്ചത്തുരുത്തിന്റെ മറ്റൊരു മാതൃകയാണെന്നും നഗരസഭയുടെ കീഴിൽ രണ്ട് ഏക്കറോളം പച്ചത്തുരുത്ത് നിർമിക്കാൻ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രകാശ് പച്ചത്തുരുത്ത് എന്ന ആശയവും സംഘാടനവും നിർവഹണവും സംബന്ധിച്ച് സംസാരിച്ചു. അന്യം നിന്ന് പോകുന്ന ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത്. ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ രാജൻ, സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ ടി രാജൻ തുടങ്ങിയവർ ക്ലാസെടുത്തു.
സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥലങ്ങളിൽ പച്ചത്തുരുത്ത് നിർമിക്കാൻ സന്നദ്ധരായി 37 സെന്റ് സ്ഥലം വിട്ടു തരാൻ തയ്യാറായി. തനതായ ഇടപെടലുകൾ കൊണ്ട് സമൂഹത്തിൽ മാറ്റം സൃഷ്ടിച്ച് നിരവധി കർഷക അവാർഡുകൾ നേടിയ മാധവി അമ്മ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന ശിൽപശാലയിൽ വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കുടുംബശ്രീ പ്രതിനിധികൾ, തൊഴിലുറപ്പ് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പരിസ്ഥിതി സംരക്ഷകർ, ജൈവവൈവിധ്യ ബോർഡ് കൺവീനർ മുരളീധരൻ ഒറ്റക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു.