കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 2011 ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉണ്ടാക്കുകയാണ്. ഇത് കാരണം മഹല്ല് കമ്മറ്റിക്കാര്‍ക്കും വ്യക്തികള്‍ക്കും പള്ളി നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സമസ്ത ലീഗല്‍ സെല്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള തടസ്സങ്ങള്‍ നീക്കി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കാന്‍ യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു . ആക്ടിംഗ് ചെയര്‍മാന്‍ കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ത്വയ്യിബ് ഹുദവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ഹംസ ബിന്‍ ജമാല്‍ റംലി, നാസര്‍ ഫൈസി കൂടത്തായി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ബഷീര്‍ കല്ലേപ്പാടം, ഹാരിസ് ബാഖവി കംബ്ലക്കാട്, എം.പി ജഅ്ഫര്‍, ടി.എ അബൂബക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ആരാധനാലയ നിര്‍മ്മാണ തടസ്സം ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിക്കും എം.എല്‍.എ മാര്‍ക്കും നിവേദനം സമര്‍പ്പിക്കാനും സമസ്ത ലീഗല്‍ സെല്‍ യോഗം തീരുമാനിച്ചു.