മുക്കം: ക്ഷേത്രകുളം മണ്ണിട്ടു നികത്താൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒത്താശ ചെയ്തെന്ന് ആക്ഷേപം. സ്ഥലം സന്ദർശിച്ച ബിഡിജെഎസ് ജില്ല നേതാക്കളാണ് ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ ഗുരുതര ആരോപണമുയർത്തുന്നത്. കുമാരനെല്ലൂർ കൽപ്പൂര് മഠംപറമ്പ് ക്ഷേത്രത്തിന്റെ പുരാതനമായ കുളമാണ് കഴിഞ്ഞ ദിവസം ഏതാനും പേർ ചേർന്ന് ജെസിബിയും ടിപ്പർ ലോറികളുമുപയോഗിച്ച് മണ്ണിട്ട് നികത്തിയത്. കുളക്കരയിലുണ്ടായിരുന്ന ഒരു മാവും പിഴുതു മാറ്റി. 30 അടി നീളവും 20 അടി വീതിയുമുള്ള ക്ഷേത്രകുളം നികത്താൻ ഇതു ചെയ്തവർക്ക് എന്തവകാശമെന്നാണ് നേതാക്കൾ ചോദിക്കുന്നത്. എല്ലാ രേഖകളോടും കൂടി വില്ലെജ് ഓഫീസിൽ ചെന്നാലും ഓൺലൈൻ സംവിധാനത്തിൽ അക്ഷയ കേന്ദ്രം വഴിമാത്രമേ നികുതി സ്വീകരിക്കൂ എന്നിരിക്കെ കേസിലുള്ള ഈ സ്ഥലത്തിന്റെ നികുതി വില്ലേജിൽ സ്വീകരിച്ചതും പൊലീസ് സ്ഥലത്തു വന്നതുമെല്ലാം ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു. ജില്ല പ്രസിഡൻറ് ഗിരി പാമ്പനാലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് പി.സി അശോകൻ, ജോ.സെക്രട്ടറി ഉണ്ണികരിപ്പാലി, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളായ ദീപു, ഷിബുലാൽ, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കുളം നികത്തിയ സ്ഥലം സന്ദർശിച്ചത്. നികത്തിയ കുളം പൂർവ്വസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൽപ്പൂര് പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി രാജൻ കൗസ്തുഭം ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.