കോഴിക്കോട് :ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി- തൊട്ടില്‍പാലം- പക്രതളം റോഡ് 15 മീറ്റര്‍ വീതിയില്‍ വയനാട്ടിലേക്കുള്ള ബദല്‍ റോഡായി വികസിപ്പിക്കുന്നതിന് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കുറ്റ്യാടി മുതല്‍ പക്രതളം വരെയുള്ള 16.37 കിലോമീറ്റര്‍ റോഡാണ് പൊതുമാരമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്റെ കീഴില്‍ വരുന്നത്. നിലവില്‍ 5.5 മീറ്റര്‍ കാരേജ് വേയും ശരാശരി 9-10 മീറ്റര്‍ വീതിയമുള്ള റോഡ് വികസിപ്പിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ശനിയാഴ്ച സ്ഥലം എം.എല്‍.എ ഇ.കെ വിജയന്റെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി.

കാരേജ് വേ ഏഴ് മീറ്ററായി വികസിപ്പിക്കുകയും ഓവ് ചാലും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതുള്‍പ്പെടെയുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് നിലവില്‍ അറ്റകുറ്റപണിയും കാടുവെട്ടലും സംരക്ഷണഭിത്തി പുതുക്കി പണിയലും നടത്തുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.

ജപ്പാന്‍ കുടിവെള്ള പദ്ധതി ഡിസംബറില്‍ പണി പൂര്‍ത്തിയാകുമെന്ന് ജല അതേറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു. നിലവില്‍ കോര്‍പറേഷനില്‍ 80 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പണിപൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെ ഉദ്ഘാടന സജ്ജമാക്കാനും വികസന സമിതി യോഗത്തില്‍ തീരുമാനമായി. പദ്ധതിക്കു വേണ്ടിയുള്ള രണ്ട് ബോട്ടുകള്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കും.

പ്രളയകാലത്തെ ഉരുള്‍പൊട്ടലിനു ശേഷം കരിഞ്ചോല മലയില്‍ കാണപ്പെട്ട വലിയ പാറ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് വിനിയോഗിച്ച് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാരാട്ട് റസാഖ് എം.എല്‍.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍വ്വെ നടപടി ജൂലായ് 15 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍വ്വെ വിഭാഗം പി.ടി.എ റഹീം എം.എല്‍.എയെ അറിയിച്ചു.

വടകര ജില്ലാ ആശുപത്രി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് പദ്ധതി യു.എല്‍.സി.സി.എസിനെ ഏല്പിക്കാന്‍ തീരുമാനിച്ചതായും ഇതിനായി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ സി.കെ നാണു എം.എല്‍.എയെ അറിയിച്ചു.

വടകര ചോറോട് റെയില്‍ ഓവര്‍ ബ്രിഡ്ജ് അപകടാവസ്ഥ സംബന്ധമായ മാധ്യമ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു.താമരശ്ശേരി ചുരത്തില്‍ അപകടകരമായ സ്ഥലങ്ങളിലുള്ള 19 മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റുമെന്നും ഇവ ലേലത്തിനു വെച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.