കുന്ദമംഗലം : കുന്ദമംഗലം സബ് താലൂക്ക് താലൂക്കായി ഉയർത്താൻ സമര പരിപാടികൾക്ക് മുൻകൈ എടുക്കുമെന്ന് 1982 മുതൽ അഞ്ച് തവണ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീംലീഗ് നേതാവും കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് കൺവീനറുമായ ഖാലിദ് കിളിമുണ്ട പറഞ്ഞു. "കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലം താലൂക്കായി ഉയർത്തണമെന്ന ആവശ്യത്തിന് നിരവധി വർഷത്തെ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ച് അന്തരിച്ച മുൻ എം.എൽ.എ.വി.കുട്ടിക്കൃഷ്ണൻ നായരോടൊപ്പം അന്നത്തെ മുഖ്യമന്ത്രി എ കെ. ആന്റണിയെ സന്ദർശിച്ച് നിവേദനം നൽകിയത് ഓർക്കുകയാണ്.

ഭരണകൂടങ്ങളും കുന്ദമംഗലത്തെ ജനപ്രതിനിധികളും മാറി മാറി വന്നെങ്കിലും പഴയ സബ് താലൂക്കും പഴകിയ ഓഫീസും ഇപ്പോഴും മാറ്റമില്ലാതെ നിൽക്കുകയാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത ഈ സംവിധാനം എന്തിന് നിലനിർത്തണം എന്ന ചോദ്യത്തിന് ഭരിക്കുന്നവർ മറുപടി പറയേണ്ടതുണ്ട്.

'സബ് താലൂക്കിനെ താലൂക്കായി ഉയർത്തുന്നതിന് യോജിച്ച സമരപരിപാടികൾ അനിവാര്യമാണ്. ഇതിന് വേണ്ടി കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ എന്ന നിലക്ക് മുൻകൈ എടുക്കും."

- ഖാലിദ് കിളിമുണ്ട