കുന്ദമംഗലം: പൂനൂർ പുഴയിൽ വെള്ളം കയറിയാലും പ്രദേശവാസികൾക്ക് ഇനി കറണ്ട് പോകുമെന്ന പേടി വേണ്ട. പുഴയരികില്‍ നിന്ന് ട്രാൻസ്ഫോർമർ ഇന്നലെ മാറ്റി സ്ഥാപിച്ചു. കുന്ദമംഗലം അങ്ങാടിക്കടുത്ത് പൂനൂർ പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന സി.ഡബ്ലിയു.ആർ.ഡി.എം പമ്പ് ഹൗസ് ട്രാൻസ്ഫോർമർ വെള്ളം കയറാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക എന്നത് ഒരു പതിറ്റാണ്ടിലേറയായി പ്രദേശവാസികളുടെയും കുന്ദമംഗലം സെക്ഷനിലെ ജീവനക്കാരുടെയും ആവശ്യമായിരുന്നു. കാലവർഷക്കാലത്ത് പുഴയിൽ വെള്ളം കയറുമ്പോൾ എല്ലാ വർഷവും ഈ ട്രാൻസ്ഫോർമർ ദിവസങ്ങളോളം ഓഫ് ചെയ്ത് വെക്കാറാണ് പതിവ്. ഇതുകാരണം ദിവസങ്ങളോളം വൈദ്യുതി തടസ്സം നേരിടുന്നത് പ്രദേശവാസികകൾക്ക് ദുരിതമായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും മുങ്ങിപ്പോയ ട്രാൻസ്ഫോർമർ മാസങ്ങൾ കഴിഞ്ഞ് അറ്റകുറ്റപണി നടത്തിയാണ് ചാർജ് ചെയ്തത്. കുന്ദമംഗലം സെക്ഷനിലെ ജീവനക്കാരുടെ നിരന്തര ശ്രമഫലമായി കഴിഞ്ഞ പ്രളയകാലത്ത് ചീഫ് എഞ്ചിനിയർ പരമേശ്വരൻ സ്ഥലം സന്ദർശിക്കുകയും വെള്ളം കയറിയ ട്രാൻസ്ഫോർമർ നേരിൽ കാണുകയും ഉടൻ തന്നെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുവാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശിക്കുകയുമായിരുന്നു. 2018 ഡിസംബർ മാസം മൂന്നര ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പി.എം.യുവിന് സമർപ്പിച്ചു. ജൂൺ ആദ്യവാരത്തോടെ കരാർ നൽകുകയും മഴ ശക്തിയാർജ്ജിക്കുന്നതിന് മുമ്പ് 3,20,502 രൂപ ചെലവഴിച്ച് പണി പൂർത്തികരിക്കുകയും ചെയ്തു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചതോടെ പ്രദേശ വാസികളുടെ ദീർഘ കാലത്തെ ദുരിതങ്ങൾക്കാണ് പരിഹാരമാവുന്നത്. മാറ്റി സ്ഥാപിച്ച ട്രാന്‍സ്ഫോർമർ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. അസി. എക്സിക്യുട്ടീവ് എന്‍ജിനീയർ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അസി. എൻജിനിയർ ടി അജിത്ത് സ്വാഗതം പറഞ്ഞു.