നാദാപുരം: കോഴ്‌സ് കഴിഞ്ഞു വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല എന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പൂട്ടിച്ചു. നാദാപുരത്ത് ഗേറ്റ് അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പൊലീസ് പൂട്ടിച്ചത്. 2015-16 കാലയളവില്‍ സ്ഥാപനം നടത്തിയ എഎന്‍എം നേഴ്‌സിങ്ങ് കോഴ്‌സിന് ഇരുപത് വിദ്യാര്‍ത്ഥികളാണ് ഒമ്പതിനായിരം രൂപ ഫീസടച്ച് പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികളെ സ്വകാര്യ ആശുപത്രികളില്‍ പരിശീലനത്തിനു അയച്ചതായും പിന്നീട്
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷ നടത്താതെ നീട്ടിക്കൊണ്ടു പോയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോള്‍ സ്ഥാപന ഉടമ ഒരു പരീക്ഷ നടത്തിയത്രെ. ഈ പരീക്ഷക്ക് നിരീക്ഷകരായി വന്നത് ഈ സ്ഥാപനത്തിന്റെ കീഴിലുള്ള ഉപ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞു ഒരു വർഷം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥാപന ഉടമയെ നിരന്തരം ബന്ധപ്പെട്ടിട്ടും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികളെയും കൂട്ടി പൊലീസ് സ്ഥാപനത്തില്‍ എത്തിയെങ്കിലും സ്ഥാപന ഉടമയെ കണ്ടെത്താനായില്ല. തുടര്‍ന്ന്
പൊലീസ് അവിടെയുള്ള ജീവനക്കാരുമായി സംസാരിച്ചെങ്കിലും സ്ഥാപനം നടത്തുന്ന കോഴ്സുകളെപ്പറ്റി യുള്ള വിശദ വിവരം നല്‍കാന്‍ അവര്‍ക്കായില്ല. തുടര്‍ന്നാണ് പൊലീസ് സ്ഥാപനം താഴിട്ടു പൂട്ടിയത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടതിനു ശേഷ മാത്രം സ്ഥാപനം തുറന്നാല്‍ മതിയെന്നാണ് പൊലീസ് അറിയിച്ചത്.