kerala-police

നാദാപുരം: കോഴ്‌സ് തീർന്ന് വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല എന്ന വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പൂട്ടിച്ചു. നാദാപുരത്ത് ഗേറ്റ് അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പൊലീസ് പൂട്ടിച്ചത്.

2015- 16 കാലയളവിൽ സ്ഥാപനം നടത്തിയ എഎൻഎം നേഴ്‌സിങ്ങ് കോഴ്‌സിന് ഇരുപത് വിദ്യാർത്ഥികളാണ് ഒമ്പതിനായിരം രൂപ ഫീസടച്ച് പഠനം പൂർത്തിയാക്കിയത്. വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രികളിൽ പരിശീലനത്തിനു അയച്ചതായും പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും പരീക്ഷ നടത്താതെ നീട്ടിക്കൊണ്ടു പോയതായും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും സമ്മർദ്ദമുണ്ടായപ്പോൾ സ്ഥാപന ഉടമ ഒരു പരീക്ഷ നടത്തിയത്രെ. ഈ പരീക്ഷക്ക് നിരീക്ഷകരായി വന്നത് ഈ സ്ഥാപനത്തിന്റെ കീഴിലുള്ള ഉപ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷ കഴിഞ്ഞു ഒരു വർഷം പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെ വിദ്യാർത്ഥികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് സ്ഥാപന ഉടമയെ നിരന്തരം ബന്ധപ്പെട്ടിട്ടും ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ വിദ്യാർത്ഥികളെയും കൂട്ടി പൊലീസ് സ്ഥാപനത്തിൽ എത്തിയെങ്കിലും സ്ഥാപന ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് അവിടെയുള്ള ജീവനക്കാരുമായി സംസാരിച്ചെങ്കിലും സ്ഥാപനം നടത്തുന്ന കോഴ്‌സുകളെപ്പറ്റി യുള്ള വിശദ വിവരം നൽകാൻ അവർക്കായില്ല. തുടർന്നാണ് പൊലീസ് സ്ഥാപനം താഴിട്ടു പൂട്ടിയത്. വിദ്യാർത്ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടതിനു ശേഷ മാത്രം സ്ഥാപനം തുറന്നാൽ മതിയെന്നാണ് പൊലീസ് അറിയിച്ചത്.