കോട്ടയം: 137 വർഷം പഴക്കമുണ്ട് കോട്ടയം പബ്ലിക് ലൈബ്രറിക്ക് . ഈ വായനാദിനത്തിലും ദീപ്തസ്മരണകളോടെ ഈ വായനാ മന്ദിരം തലയുയർത്തി നിൽക്കുന്നു.
തിരുനക്കര മൈതാനത്തിന് സമീപത്തെ ഏഴു സെന്റ് ഭൂമിയിൽ ഉയർന്ന റീഡിംഗ് റൂമിൽ 37 അംഗങ്ങളും 674 പുസ്തകങ്ങളുമായി തുടങ്ങിയ ലൈബ്രറിയിൽ ഇന്ന് പതിനായിരത്തോളം അംഗങ്ങളും രണ്ടു ലക്ഷത്തോളം പുസ്തകങ്ങളുമുണ്ട്. തിരുനക്കരയിലെ ഏഴ് സെന്റ് സ്ഥലത്ത് നാലുനില കെട്ടിടമായി. ശാസ്ത്രി റോഡിൽ മൂന്നു നിലയിൽ വിശാലമായ ലൈബ്രറി മന്ദിരം .കെ.പി.എസ് മേനോൻ ഓഡിറ്റോറിയം. തിരുനക്കരയിൽ അദ്ദേഹത്തിന്റെ ജന്മഗൃഹം നിന്നിടത്ത് മൂന്നു നിലയിൽ കുട്ടികളുടെ ലൈബ്രറി. തിരുക്കരയിലെ റീഡിംഗ് റൂമിനു പുറമേ കാഞ്ഞിരത്ത് റീഡിംഗ് റൂം, നാല് ഏക്കറോളം സ്ഥലവും കോടികളുടെ ആസ്തിയുമായി അക്ഷര നഗരത്തിന്റെ തിലകക്കുറിയായി നിൽക്കുകയാണ് പബ്ലിക് ലൈബ്രറി.
1880ൽ വടക്കൻ ഡിവിഷന്റെ ആസ്ഥാനമായ കോട്ടയത്ത് ദിവാൻ പേഷ്ക്കാറായെത്തിയ ടി. രാമറാവുവാണ് തിരുനക്കരയിലെ റീഡിംഗ് റൂം ആന്റ് ലൈബ്രറി സ്ഥാപകൻ. ഇംഗ്ലീഷ് മിഷനറി ജോൺ കൊയ്ലി ,സി.എം.എസ് സ്കൂൾ ഹെഡ്മാസ്റ്റർ പി.എം.ചാക്കോ, പാലത്തുങ്കൽ മാത്തൻ വർക്കി തുടങ്ങിയവരായിരുന്നു സഹായികൾ. രാമറാവു ആദ്യ പ്രസിഡന്റും ചാക്കോ ആശാൻ ആദ്യ സെക്രട്ടറിയുമായി. രണ്ടു മുറിയിൽ പലരും സംഭാവനചെയ്ത 674 പുസ്തകങ്ങളുമായി തുടങ്ങി.1882 ഡിസംബർ 18ന് 50 രൂപ വിലയ്ക്ക് ഏഴു സെന്റ് സ്ഥലം വാങ്ങി.പിന്നീട് 1966 ജൂലായ് 1ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്നത്തെ നാലുനില മന്ദിരം ഉദ്ഘാടനം ചെയ്തു.. 64ൽ സ്ത്രീകൾക്കുള്ള റീഡിംഗ് റൂമും 65 നവംബർ 14ന് കുട്ടികളുടെ വിഭാഗവും തുറന്നു.
കത്തിച്ചുവച്ച റാന്തൽ വിളക്കിന്റെ വെട്ടത്തിലായിരുന്നു ആദ്യകാല വായന. 1933ലാണ് വൈദ്യുതീകരിച്ചത്. കേരളചരിത്രത്തിൽ ശ്രദ്ധേയമായ മലയാളി മെമ്മോറിയൽ യോഗങ്ങൾ നടന്നത് ഇവിടെയായിരുന്നു. താഴത്തെ നിലയിൽ സ്ത്രീകൾക്കും മുതിർന്നവർക്കും ലിംഗപരിമിതർക്കുമുള്ള റീഡിംഗ് റൂം അടക്കം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുള്ള മൂന്ന് റീഡിംഗ് റും ഇന്ന് തിരുനക്കരയിലെ കെട്ടിടത്തിലുണ്ട്. രണ്ടേകാൽ ഏക്കറിലാണ് ശാസ്ത്രീ റോഡിലെ ലൈബ്രറി മന്ദിരം . മൂന്നു നില ലൈബ്രറി കെട്ടിടത്തിനൊപ്പം പൊക്കവും അറുപത്തിരണ്ടടി നീളവും വരുന്ന കാനായി കുഞ്ഞിരാമന്റെ കേരളത്തിലെ ഏറ്റവും വലിയ ശിൽപ്പ സമുച്ചയമായ 'അക്ഷര ശിൽപ്പം' ഇവിടെ തല ഉയർത്തി നിൽക്കുന്നു.
മൂന്നു പതിറ്റാണ്ടായി എബ്രഹാം ഇട്ടിച്ചെറിയയാണ് പ്രസിഡന്റ്. 137 വർഷം ചരിത്രവും കോടികളുടെ ആസ്തിയുമുള്ള കോട്ടയം പബ്ലിക് ലൈബ്രറി പിടിച്ചെടുത്ത് ലൈബ്രറി കൗൺസിലിന് കീഴിലാക്കാൻ പല തവണ സംഘടിത ശ്രമം നടന്നെങ്കിലും കോട്ടയത്തെ പൗരപ്രമുഖർ അതിനെ ചെറുത്തു തോൽപ്പിച്ചു .
പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് വൈകിട്ട് 5ന് വായനാദിനാചരണവും പുസ്തക പ്രദർശനവും നടക്കും. എയർ ഇന്ത്യ മുൻ ചെയർമാൻ ഡോ.റോയ് പോൾ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , വി.ജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. പുതിയ 500 മലയാള പുസ്തകങ്ങളുടെ പ്രദർശനവും നടക്കും.