വൈക്കം:ശക്തമായ കാറ്റിൽ വൈക്കം താലൂക്കിൽ വ്യാപകമായ നാശം. വൈക്കം, തലയാഴം, വെച്ചൂർ, ടി വി പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ് ,വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ കടപുഴകി വീണു വീടുകൾക്കും ഏത്തവാഴയടക്കമുള്ള ഇടവിളകൾക്കും നാശം സംഭവിച്ചത്. വെച്ചൂർ ഇടയാഴം മുപ്രപള്ളിയിൽ തങ്കച്ചന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട് മേഞ്ഞ മേൽക്കൂരയും ഭിത്തിയും തകർന്നു. അപകടം നടന്ന സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലില്ലാതിരുന്നതിനാൽ വൻദുരന്തമൊഴിവായി. ലോട്ടറി തൊഴിലാളിയായ തങ്കച്ചനും ഭാര്യയും മക്കളുമടങ്ങിയ കുടുംബം വീട് തകർന്നതോടെ വിഷമ വൃത്തത്തിലായി.തലയോലപ്പറമ്പ് അടിയം റോഡിൽ പുത്തൻതോടിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന ആഞ്ഞിലിമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മേൽക്കുര ഭാഗീകമായി തകർന്നു. ഇന്നലെ രാവിലെ വെട്ടിക്കാട്ട് മുക്ക് ജംഗ്ഷന് സമീപം റോഡരികിൽ നിന്ന പാഴ്മരം കടപഴകി വീണു. സംഭവ സമയത്ത് യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. വീടിന് നാശം സംഭവിച്ചവർക്കും കൃഷി നാശം നേരിട്ടവർക്കും അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ദുരിതബാധിതർ ആവശ്യപ്പെട്ടു.