'സാർ എങ്ങനെയെങ്കിലും എന്റെ മോനെ രക്ഷിക്കണം. അവൻ കാരണം ഞാൻ വീട് മാറിത്താമസിക്കേണ്ട ഗതികേടിലാണ്. മയക്കു മരുന്നിന്റെ ലഹരിയിൽ അവൻ എന്തുചെയ്യുമെന്ന് പറയാനാകില്ല. ഉപദ്രവിക്കുമെന്ന് പേടിയുള്ളതിനാൽ തൊട്ടടുത്തുതന്നെ ഒരു വീട് വാടകയ്ക്കെടുക്കുകയായിരുന്നു. നന്നായി പഠിച്ചുവന്ന കുട്ടിയായിരുന്നു. ഇപ്പോൾ വല്ലാത്ത കൂട്ടുകെട്ടിലാണ്." എക്സൈസ് കമ്മിഷണറായിരിക്കെ ഋഷിരാജ് സിംഗിനോട് പൊട്ടിക്കരഞ്ഞു കൊണ്ട് ഇതു പറഞ്ഞത് ഒരു കോളേജ് പ്രൊഫസറായ അമ്മയായിരുന്നു. അവന്റെ വിവരം ആരോടെങ്കിലും പറഞ്ഞാൽ ജീവനൊടുക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു. റിസ്ക്ക് ആയിരുന്നെങ്കിലും ഋഷിരാജ് സിംഗ് ആ ദൗത്യം ഏറ്റെടുത്തു. അവനെ കണ്ട് കൗൺസലിംഗിന് വിധേയനാക്കി, ലഹരിമുക്ത ചികിത്സയും നൽകി പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നു. അച്ഛന്റെ ലഹരി ഉപയോഗവും വഴിവിട്ടുള്ള ജീവിതവും അനുകരിച്ചാണ് മകൻ വിനാശത്തിന്റെ പാതയിലേക്ക് സഞ്ചരിച്ചത്. ലഹരിയിൽ രക്തബന്ധം പോലും മറന്ന് പെരുമാറാനും ക്രൂരതകൾ ചെയ്തു കൂട്ടാനും തയാറാകുന്ന യുവാക്കളെക്കുറിച്ചുള്ള കഥകൾക്ക് മുന്നിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് കേരളം. ലഹരിക്കടിപ്പെട്ട ആൺമക്കളെക്കുറിച്ച് അമ്മമാർ ഭീതിയോടെയാണ് സംസാരിക്കുന്നത്. പെൺമക്കളുമായി വീട്ടിൽ സ്വസ്ഥമായി കഴിയാനാവാതെ പേടിയോടെ തന്റെ മുന്നിലെത്തിയ അമ്മമാരെക്കുറിച്ച് ജീവകാരുണ്യ പ്രവർത്തകനായ നവജീവൻ ട്രസ്റ്റി തോമസ് സാക്ഷ്യപ്പെടുത്തുന്നു.
തോമസ് പറയുന്നു : 'സർക്കാർ ആശുപത്രിയിൽ ലഹരി വിമുക്ത ചികിത്സയ്ക്ക് വേണ്ട സൗകര്യമില്ല. പിന്നെ സ്വകാര്യ ആശുപത്രിയാണ് ശരണം. ഒരു മാസത്തെ ലഹരിമുക്ത ചികിത്സയ്ക്ക് ഒരാൾക്ക് കുറഞ്ഞത് അമ്പതിനായിരം രൂപയാകും. കടം പറഞ്ഞാണെങ്കിലും എങ്ങനെയും രക്ഷപെടുത്താൻ അവിടെ എത്തിക്കും. ഒന്നും രണ്ടുമല്ല. നിരവധി പേരെ ഇതിനകം ചികിത്സിച്ചിട്ടുണ്ട്. മദ്യനിരോധനമല്ല മയക്കു മരുന്നിനെതിരെയുള്ള പ്രവർത്തനമാണ് ശക്തമാക്കേണ്ടത്. അത് സാദ്ധ്യമാക്കിയില്ലെങ്കിൽ രണ്ടു മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ യുവാക്കളിൽ വലിയൊരു പങ്ക് കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുമെന്ന് ഉറപ്പാണ്.
മയക്കുമരുന്ന് കേസ് ;ഞെട്ടിക്കുന്ന കണക്കുകൾ
2017ൽ 5946 കേസുകളിലായി 200 കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചുവെങ്കിൽ 2018ൽ 6314 കേസിൽ 700 കോടിയുടെ ലഹരിവസ്തുക്കളാണ് പിടിച്ചത്. കേസുകളുടെ എണ്ണത്തിൽ മൂന്നിരട്ടിയിലേറെയാണ് വർദ്ധന . ഇതിനൊപ്പം മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 6208 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5762 പേരെ അറസ്റ്റ് ചെയ്തു. 555പേർ കരുതൽ തടങ്കലിലാണ്. മറ്റു ജില്ലകളിലും ഇത് തന്നെയാണ് സ്ഥിതി . കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്
ലഹരിക്കടിമ : പ്രായം 25ൽ താഴെയായി
2010ന് മുമ്പ് 50 വയസിൽ താഴെയുള്ളവരായിരുന്നു ലഹരിക്കടിമയായതെങ്കിൽ ഇന്ന് 25 വയസിൽ താഴെയുള്ളവരാണ് ഭൂരിപക്ഷം. ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് മുൻപ് ഇരുപത് വയസിന് ശേഷമായിരുന്നെങ്കിൽ ഇപ്പോഴത് 13 വയസിന് മുമ്പായി. 15 വർഷം കൊണ്ട് ലഹരിക്കടിമയാകുന്നത് ഇപ്പോൾ അഞ്ച് വർഷം മാത്രമായി കുറഞ്ഞു. നേരത്തേ മദ്യവും പുകവലിയുമായിരുന്നെങ്കിൽ ഇപ്പോളത് കഞ്ചാവും മയക്കുമരുന്നുമായി. 'മയക്കുമരുന്നിന്റെ നിരന്തര ഉപയോഗം സാധാരണ മനോനിലയുള്ളവരിൽ മതിഭ്രമം, പാരനോയിയ (ആളുകൾ ഉപദ്രവിക്കാൻ വരുന്നു എന്ന തോന്നൽ) തുടങ്ങിയ മനോവൈകല്യങ്ങളുണ്ടാക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്ന ക്രിമിനലുകൾ സ്ത്രീകളെ വേട്ടയാടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. അടുത്തിടെയായി കേരളത്തിൽ ഇത്തരം കേസുകൾ വർദ്ധിക്കുന്നുവെന്നുമാണ് മനോരോഗ വിദഗ്ദർ പറയുന്നത് .
ഡോ.വർഗീസ് പി പുന്നൂസ്
സൈക്യാട്രി വിഭാഗം മേധാവി
ആലപ്പുഴ മെഡിക്കൽ കോളേജ് )
(തുടരും)
ലഹരിക്കേസുകൾ
ജില്ല, അബ്കാരി , നിരോധിതലഹരി - പുകയില ഉത്പ്പന്നങ്ങൾ എന്ന ക്രമത്തിൽ
തിരുവനന്തപുരം 3999 - 1110 -19431
കൊല്ലം 4303 - 1435 -17236
പത്തനംതിട്ട 3437 - 569 -23876
ആലപ്പുഴ 5489 - 1369 -10878
കോട്ടയം 3347 -1165 -17687
ഇടുക്കി 1897- 1743- 9947
എറണാകുളം 3436 -2154 -2473
തൃശൂർ 3689 -1476 -12538
പാലക്കാട് 3987- 994 -11876
മലപ്പുറം 3125 -1451 -12358
കോഴിക്കോട് 3176- 586 -7895
വയനാട് 1987 -897- 7654
കണ്ണൂർ 3547- 938 -11774
കാസർകോട് 2576- 287- 6754
വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നു
വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുകയാണ്. മിടുക്കരായ കുഞ്ഞുങ്ങൾ പോലും അതിൽ പെട്ടപോകുന്നുണ്ട്. സമൂഹത്തിൽ വിദ്യാർത്ഥികളെ തെറ്റായ വഴിക്ക് നയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആൺപെൺ വ്യത്യാസമില്ലാതെ പ്രതിഭാശാലികളായ കുട്ടികളുടെ മുന്നേറ്റത്തെ വഴിക്ക് വച്ച് തടസപ്പെടുത്തുകയാണ് ലഹരിമാഫിയകളുടെ ലക്ഷ്യം. ചെറിയ ലാഭം ലക്ഷ്യമിട്ടാണ് വിതരണക്കാർ ലഹരിവസ്തുക്കൾ വില്പന നടത്തുന്നതെങ്കിലും അതിന്റെ പിന്നിലുള്ളവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. ഇത്തരക്കാരുടെ പിടിയിൽ വിദ്യാർത്ഥികൾ അകപ്പെട്ടപോകരുത്. അങ്ങനെ പെട്ടുപോയാൽ ജീവിതം നശിച്ചതിന് തുല്യമാണ്. അതിനാൽ കുട്ടികൾ സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറണം. ആവശ്യമുള്ളത് മാത്രം സ്വീകരിക്കാൻ കഴിണം. മൊബൈൽ ഫോണിന്റെ ഉപയോഗവും വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്നു. പഠനവുമായി ബന്ധപ്പെട്ടും മറ്റ് പല ആവശ്യങ്ങൾക്കും മൊബൈൽ ഗുണകരമാണ്. എന്നാൽ അതിന്റെ ഉള്ളറകളിലെ ചതിക്കുഴികളിൽ പെട്ടുപോകരുത്.
( പിണറായി വിജയൻ, മുഖ്യമന്ത്രി,
ധർമ്മടം മണ്ഡലം വിദ്യാഭ്യാസ സമിതി, ധർമ്മടം മണ്ഡലം എഡക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം 2019 ൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)