ആക്ഷൻ ഹീറോ ബിജു സിനിമ കണ്ടവരിൽ ചിലരെങ്കിലും കുട്ടികൾ എത്തിപ്പെടുന്ന മയക്കുമരുന്ന് കെണിയെക്കുറിച്ച് അതിശയിച്ചേക്കാം. അതിശയിക്കാനൊന്നുമില്ല. സിനിമയിൽ കണ്ടതിന്റെ നൂറിരട്ടിയാണ് നാട്ടിൽ നടക്കുന്നത്. മിക്ക കഞ്ചാവ് - മയക്കുമരുന്ന് കേസുകളിലും പിടികൂടുന്നത് 18 നും 26 നും ഇടയിൽ പ്രായമുള്ളവരെയാണ് . മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് വൻതോതിൽ വില്പന നടത്തുന്നത്.
അതുകൊണ്ടുതന്നെ പ്രതികളിൽ 90 ശതമാനവും വിദ്യാർത്ഥികളാണ്. സ്കൂൾബാഗിൽ ഒളിപ്പിച്ച കഞ്ചാവ് പൊതികൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കാൻ ഇവർ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ തന്നെ പ്രതീക്ഷച്ചതിന്റെ പത്തിരട്ടിയെങ്കിലും പോക്കറ്റ് മണി തരപ്പെടുമെന്നതിനാൽ കാരിയർ ജോലിയ്ക്ക് വിളിച്ചാൽ വിദ്യാർത്ഥികൾ അത്യുത്സാഹത്തോടെ പിന്നാലെ ചെല്ലും.
പിടിക്കപ്പെട്ടാൽ കൈവശം ഒരു കിലോഗ്രാമിൽത്താഴെ കഞ്ചാവേ ഉള്ളൂവെങ്കിൽ ജാമ്യം ലഭിക്കുമല്ലോ. അതിനാൽത്തന്നെ ഒരു കിലോഗ്രാമിൽ താഴെ മാത്രമേ കുട്ടികളുടെ കൈവശം കൊടുത്തുവിടാറുള്ളൂ. വിദ്യാർത്ഥികൾ പിടിക്കപ്പെട്ടാൽ കഞ്ചാവ് കേസിൽ പ്രതികളാക്കി അവരുടെ ജീവിതം നശിപ്പിക്കാതിരിക്കാൻ പല ഉദ്യോഗസ്ഥരും കണ്ണടയ്ക്കും. തൃശൂരിൽ ഒരു മാസം 50 വിദ്യാർത്ഥികളെങ്കിലും കഞ്ചാവ് -മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്നു. പ്രായപൂർത്തിയാകാത്തതിനാൽ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ് )പ്രകാരം കേസെടുക്കാതെ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നടത്തി വിടുകയാണ്. കോട്ടയത്ത് ലഹരി കേസുകളിൽ പിടികൂടിയവരിൽ 80 ശതമാനവും കൗമാരപ്രായക്കാരാണ്. ബുള്ളറ്റിൽ തമിഴ്നാട്ടിലെത്തി സാധനം വാങ്ങി മടങ്ങുന്ന വിദ്യാർത്ഥിസംഘം പിടിക്കപ്പെടുമ്പോഴും പ്രായത്തിന്റെ ആനുകൂല്യത്താൽ, രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയാണ്. വിദ്യാർത്ഥികളിൽ നിന്ന് കൂടിയ അളവ് കഞ്ചാവ് പിടിച്ചെടുത്താലും ഒരു കിലോഗ്രാമിൽ താഴെയേയുള്ളൂ എന്നാവും കേസ്. അന്നുതന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്യും. ഉദ്യോഗസ്ഥരുടെ ഈ കണ്ണടയ്ക്കൽ കാരണം പല കുട്ടികളും കഞ്ചാവ് മാഫിയയുടെ സ്ഥിരം കാരിയറുകളാകുന്നുവെന്ന് എക്സസൈസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 18 വയസിൽ താഴെയുള്ള വിദ്യാർത്ഥികളും മയക്കുമരുന്ന് ലഹരിയിൽ അമരുന്നുണ്ട്. ഡൽഹിയിൽ നിർഭയക്കേസിൽ ഏറ്റവും കൂടുതൽ അക്രമകാരിയായത് ലഹരി ഉപയോഗിക്കുന്ന, കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. സംസ്ഥാനത്ത് കുട്ടിക്കുറ്റവാളികൾ വർദ്ധിക്കുന്നതിന്റെ കാരണം ലഹരിയുടെ അമിത ഉപയോഗമാണ്.
ബാറുകൾ പൂട്ടിയ ശേഷം സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം മൂന്നിരട്ടിയായി വർദ്ധിച്ചെന്നാണ് നിയമസഭയിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നൽകിയ കണക്ക്. മാവോയിസ്റ്റുകളിൽ ചില വിഭാഗങ്ങൾ കഞ്ചാവുകൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് തീവ്രവാദം സംസ്ഥാനത്ത് വലിയ ഭീഷണി ഉയർത്തുന്നു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ കൂടുന്നു. മയക്കുമരുന്ന് ഉപഭോഗം കൂടിയതായി സർക്കാർ തന്നെ സമ്മതിക്കുന്നു. ഒരു പരിധിയിലേറെ നിയന്ത്രിക്കാനാവില്ലെന്ന് പറഞ്ഞു കൈ മലർത്തുകയും ചെയ്യുന്നു.
രാസലഹരികളിൽ പ്രധാനമായ എം.ഡി.എം.എ ( മെഥ്ലിൻ ഡയോക്സി മെഥാംഫെറ്റ്മിൻ) വിദേശത്തു നിന്ന് കേരളത്തിൽ എത്തിയിരുന്നതെന്നാണ് നർകോട്ടിക്ല് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നേരത്തേ കരുതിയിരുന്നത്. അഞ്ചുവർഷം മുമ്പ് തമിഴ്നാട് തിരുപ്പൂരിൽ എം.ഡി.എം.എ ഉത്പാദന കേന്ദ്രം എൻ.സി.ബി കണ്ടെത്തിയിരുന്നു. കൊച്ചിയിലും ഉത്പാദന കേന്ദ്രം പ്രവർത്തിക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തിൽ .എക്സൈസ് കഴിഞ്ഞ വർഷം 30 കിലോ എം.ഡി.എം.എ പിടികൂടിയെങ്കിലും പ്രധാന പ്രതി ഒളിവിൽത്തന്നെ.
പല്ല് തേച്ചും കിറുങ്ങാം
കഞ്ചാവ് , മയക്കുമരുന്നു ഗുളികകൾ ,ആംപ്യൂൾ, സ്റ്റാമ്പ്, അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിക്കുന്ന വൈറ്റ്നർ, പശ എന്നിവ ലഹരിയായി ഉപയോഗിക്കുന്നത് സർവസാധാരണമായി . ഈ ശ്രേണിയിലേക്ക് പുതിയ ഒരു ലഹരി ഉത്പന്നം കൂടി എത്തിയിട്ടുണ്ട്. പ്രത്യേകതരം പൽപ്പൊടി ലഹരിക്ക് ഉപയോഗിക്കുന്നതായി എക്സൈസ് കണ്ടെത്തി. കൊല്ലം പോളയത്തോട് ഭാഗത്തുനിന്നാണ് ലഹരിയുള്ള പൽപ്പൊടി കണ്ടെത്തിയത്. 50ഗ്രാം വീതമുള്ള ചെറിയ ടിന്നുകളിലായി വർണക്കടലാസുകൾ ഒട്ടിച്ച് അപായ സൂചനകളും രേഖപ്പെടുത്തിയാണ് പൽപ്പൊടി വിപണിയിലിറക്കിയിരിക്കുന്നത്. ഇതുകൊണ്ട് പല്ലുതേച്ചാൽ ദിവസം മുഴുവൻ പ്രത്യേക ലഹരിയും ഉന്മാദവും അനുഭവപ്പെടും. ഒരു പ്രാവശ്യം ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാനുള്ള പ്രവണത കൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ട്രെയിനിൽ ബീഹാറിൽ നിന്നാണ് പൽപ്പൊടി എത്തുന്നത്.
ലഹരി പതിച്ച സ്റ്റാമ്പുകളാണ് മറ്റൊരു ആകർഷണം. ഈ സ്റ്റാമ്പുകൾ പൊളിച്ചെടുത്ത് മണപ്പിച്ചാണ് ഉപയോഗിക്കുന്നത്. സ്റ്റാമ്പ് മണത്താൽ സ്വർഗം കാണുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം . മെഡിക്കൽ ഷോപ്പുകൾ വഴി വ്യാപകമായി സൈക്കോട്രോപിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. 234 സൈക്കോട്രോപിക് മരുന്നുകളിൽ 228 എണ്ണവും മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്.
പരിശോധന കർശനം കേസ് വർദ്ധിച്ചു
പരിശോധനകൾ കർശനമാക്കിയതാണ് എക്സൈസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായതെന്നാണ് അധികൃതർ പറയുന്ന ന്യായം. ബാറുകൾ പൂട്ടിയതിന് പിറകേ കഞ്ചാവിന്റെയും വിവിധ ഇനം മയക്കുമരുന്നുകളുടെയും കടത്ത് വ്യാപകമായതെന്ന് അധികൃതർ സമ്മതിക്കുന്നു. ബാറുകൾ തുറന്നിട്ടും കുറഞ്ഞില്ല. കൂടുകയാണ്.
കെറ്റമിൻ, ഫെന്റനിൽ സിട്രേറ്റ്
വ്യവസായ വൈദ്യ ശാസ്ത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരക രാസവസ്തു. 002 ഗ്രാമിൽ കൂടുതൽ ഉള്ളിൽ ചെന്നാൽ മരണം ഉറപ്പ് .
എം.ഡി.എം.എ ,എൽ.എസ്.ഡി
റേപ് ഡ്രഗ് എന്നറിയപ്പെടുന്നു. ഒരു നുള്ള് , ബിയറിലും മറ്റും കലർത്തി അബോധാവസ്ഥയിലാക്കി പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ഉപയോഗിക്കുന്നു. എൽ.എസ്.ഡി .002 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ ജാമ്യം കിട്ടില്ല .
പെന്റാസോസിൻ
ഒരു വട്ടം ഉപയോഗിച്ചാൽ അടിമയാകും. കോളേജ് വിദ്യാർത്ഥികളാണ് പ്രധാന ഇര. ഷെഡ്യൂൾ എച്ച് വൺ ഇനത്തിലുള്ള മാരക ലഹരി ആംപ്യൂൾ.
(തുടരും)