ലഹരിയുടെ വിഭ്രമലോകത്ത് എത്തിപ്പെട്ടാൽ കുട്ടികൾ എന്തും ചെയ്യും. വിഷാദരോഗമാകാം ഭ്രാന്താകാം അമ്മ പെങ്ങന്മാരെ
തിരിച്ചറിയാതിരിക്കുന്നതാകാം ഇതൊന്നുമല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടാമെന്നും വിദഗ്ദ്ധർ പറയുന്നു
.
കോട്ടയം ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിൽ കയറി സീൽ മോഷ്ടിക്കാൻ വരെ ഒരു വിരുതന് ധൈര്യമുണ്ടായി. പിന്നീട് അവൻ ഒ.പി ടിക്കറ്റെടുത്തു. നെറ്റിൽ നിന്ന് കാൻസർ രോഗികൾക്കുളള വേദനസംഹാരിയുടെ പേര് കണ്ടെത്തി ഡോക്ടറുടെ കുറിപ്പു കാട്ടി മരുന്ന് സംഘടിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ടവർ സമയത്ത് മരുന്നു ലഭിച്ചില്ലെങ്കിൽ എന്തും ചെയ്യും. 'മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടർന്ന് നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയായ മകൾ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ കണ്ട് അമ്മ പരിഭ്രാന്തയായി. മയക്കുമരുന്ന് നൽകാതെ അവളെ അടക്കാനാവില്ലെന്ന് വേദനയോടെ അവർ തിരിച്ചറിഞ്ഞു. ആരുടെയോ സഹായത്തോടെ അവർ മകൾക്ക് മയക്കുമരുന്ന് നല്കി. പിന്നീട് കരഞ്ഞുകൊണ്ട് സഹായത്തിനായി പൊലീസിനെ വിളിച്ചു. കൗൺസിലിംഗിലൂടെ കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുളള ശ്രമത്തിലാണ് വീട്ടുകാർ. എങ്കിലും ഇപ്പോഴും പെൺകുട്ടി മനോരോഗത്തിന്റെ വക്കിലാണ്.
കഞ്ചാവ് മാത്രമല്ല ടയറിന്റെ പഞ്ചർ ഒട്ടിക്കുന്ന പശ ലോഹത്തിൽ വച്ച് ചൂടാക്കി പുക ശ്വസിക്കുക, ഫെവിക്കോൾ കവറിലാക്കി ചൂടാക്കി പുക അകത്താക്കുക, ഇത്തരത്തിൽ വിചിത്രമായ പല മാർഗങ്ങളും കുട്ടികൾ പരീക്ഷിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ കണ്ട എഡിഷനാണ് പൽപ്പൊടി മയക്കുമരുന്ന് പ്രയോഗം.
മദ്യപിച്ചാലേ പിടിവീഴൂ
കുട്ടികൾ കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും തിരിയാൻ പ്രധാന കാരണം ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാൻ കഴിയാത്തതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പോലും സമ്മതിക്കുന്നു. മണമില്ല, ഊതിയാൽ പിടിക്കില്ല എന്നതു മാത്രമല്ല കഞ്ചാവും മയക്കുമരുന്നും കൊണ്ടുനടക്കാൻ എളുപ്പമായതും ഉപയോഗം കൂടാൻ കാരണമായിട്ടുണ്ട്. മയക്കുമരുന്നോ കഞ്ചാവോ ഉപയോഗിക്കുന്നവരെ പരിശോധിച്ചു കണ്ടുപിടിക്കാൻ കഴിയുന്ന യന്ത്രം ഇനിയും കണ്ടുപിടിച്ചിട്ടില്ല. ഒരു പെഗ് മദ്യമോ ഒരു ഗ്ലാസ് ബിയറോ കുടിച്ചവരെ ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ചാൽ പിടിവീഴും. പൊലീസ് ഊതിക്കൽ ശക്തമാക്കിയതോടെയാണ് പിടിക്കപ്പെടാതിരിക്കാൻ കുട്ടികൾ കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും മാറിയത്. ഇതുപയോഗിക്കുന്നവരെ കണ്ടുപിടിക്കാൻ പൊലീസിനു മാത്രമല്ല വീട്ടുകാർക്കും കഴിയില്ല. ലഹരിക്കടിമപ്പെട്ടു അസ്വഭാവികത കാണിച്ചാലും മറ്റെന്തോ രോഗമെന്ന് കരുതി ആശുപത്രിയിലെത്തിക്കുമ്പോൾ മാത്രമേ ലഹരിക്കടിമയെന്ന് വീട്ടുകാരും മനസിലാക്കുകയുള്ളൂ.
വില്പന
മൊബൈൽ വഴി
കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും വില്പന മൊബൈൽ ഫോൺവഴിയും വാട്സ് അപ്പ് ഗ്രൂപ്പ് വഴിയുമായിട്ടിയുണ്ട്. കഴിഞ്ഞ ദിവസം സേലത്ത് ഒരു റിസോർട്ടിൽ വാട്ട്സ് അപ്പ് ഗ്രൂപ്പ് വഴി മയക്കുമരുന്നുമായെത്തിയ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ ശല്യം സഹിക്കാതെ നാട്ടുകാർ പൊലീസിലറിയിച്ചു. അവർ പിടികൂടിയതിൽ 60പേർ മലയാളി വിദ്യാർത്ഥികളായിരുന്നു . വൻതോതിൽ മയക്കുമരുന്നും ഇവരിൽ നിന്ന് പിടിച്ചു. പല കുട്ടികളും ലഹരി മാഫിയകളുടെ കാരിയർമാരാണെന്നും കണ്ടെത്തിയിരുന്നു.
കാരിയറായാൽ
പുത്തൻ ബൈക്ക് ഫ്രീ
കഞ്ചാവോ മയക്കുമരുന്നോ തമിഴ്നാട്ടിൽ നിന്ന് കടത്താൻ സഹായിക്കുന്ന വിദ്യാർത്ഥികൾക്കും കേരളത്തിൽ കാരിയറായി എത്തിക്കുന്നവർക്കും പുത്തൻ ബൈക്ക് ഫ്രീ. ഒപ്പം മാസം പതിനായിരം രൂപയും. ഈ മോഹന വാഗ്ദാനങ്ങളിലാണ് പലകുട്ടികളും വീഴുന്നത്. ഒരു കിലോയിൽ താഴെ കഞ്ചാവേ കൈവശമുള്ളെങ്കിൽ അപ്പോൾത്തന്നെ ജാമ്യം കിട്ടുമെന്നതും കാരിയറാകാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു.
ഉറവിടം തമിഴ്നാടും
ആന്ധ്രയും
ഡോക്ടറുടെ കുറിപ്പടിയില്ലാതെ തമിഴ്നാട്ടിലെ ഏത് മെഡിക്കൽ ഷോപ്പിൽ നിന്നും ഏത് മരുന്നും കിട്ടുമെന്നതിനാൽ കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ ഉറവിടമായി തമിഴ്നാട് മാറി. കമ്പം, തേനി പ്രദേശത്ത് കഞ്ചാവ് കൃഷിയും സുഗമമായതിനാൽ കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്കും തമിഴ്നാട്ടിൽ നിന്നായി. ആന്ധ്രയിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. കേരളത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സെഡേഷനുള്ള മരുന്നു പോലും കിട്ടില്ല . കുട്ടികൾ കൂടുതൽ ഉപയോഗിക്കുന്ന മാൻഡ്രക്സ് കുറിപ്പടിയില്ലാതെ തമിഴ്നാട്ടിൽ നിന്നു കിട്ടുമെന്നതിനാൽ ഇത് വാങ്ങാൻ കേരള അതിർത്തിക്കടന്ന് ഇരുചക്രവാഹനത്തിൽ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതായി എക്സൈസ് അധികൃതർ പറയുന്നു.
(തുടരും)