കേരളം മയക്കുമരുന്നിന്റെ ട്രാഫിക് കേന്ദ്രമെന്ന് വിശേഷിപ്പിച്ചത് മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗാണ്. സിംഗ് കമ്മിഷണറായതോടെ ഫലപ്രദമായ നടപടികൾ ഉണ്ടാവുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു. പരമാവധി ശ്രമിച്ച് , കുറെക്കാര്യങ്ങൾ ചെയ്തെങ്കിലും വലിയരീതിയിൽ നിയന്ത്രണം വരുത്താൻ കഴിഞ്ഞില്ല. ആഡ്ര, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തുന്നു. ഇവിടെ വിറ്റഴിക്കുന്നതിന് പുറമേ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടക്കുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ ഹബ്ബായെന്ന് പറയുമ്പോഴും എക്സൈസ് വകുപ്പിന്റെ ഇടപെടലിൽ ഇത് എത്ര ശതമാനം കുറച്ചു എന്ന് പറയാനാവുന്നുമില്ല. 2017 ൽ 1333 കിലോ കഞ്ചാവാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. 2018ൽ ഇത് 1963 കിലോയായി ഉയർന്നു. കേരളത്തിലെ കഞ്ചാവ് വ്യാപാര കണക്കിന്റെ ചെറിയൊരു ശതമാനം പോലും എക്സൈസ് കേസാക്കിയതിൽ വരുന്നില്ല എന്നതാണ് ശ്രദ്ധേയം.
വിദ്യാർത്ഥികൾ കഞ്ചാവടക്കം മയക്കുമരുന്നിലേക്ക് തിരിയുന്നതിന് പ്രധാന കാരണം സ്കൂളിനും കോളേജിനും സമീപം ഇവയുടെ അനായസ ലഭ്യതയാണ് . എളുപ്പത്തിൽ കിട്ടാനും മറ്റാരുമറിയാതെ ഉപയോഗിക്കാനും കഴിയുന്നു. പണത്തിന്റെ ലഭ്യതയും പണമുണ്ടാക്കാനുള്ള വഴിയുമാണ് മറ്റൊരു കാരണം, സ്വയം നിയന്ത്രണശേഷി കുറവുള്ള കുട്ടികൾ പെട്ടെന്ന് മയക്കുമരുന്നിലേക്ക് തിരിയും. ജീവിത സാഹചര്യങ്ങളാണ് മറ്റൊരു കാരണം. ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കൾ, അരക്ഷിതാവസ്ഥ , കുടുംബത്തിൽ നിന്നും സ്നേഹം ലഭിക്കാത്തത് കാരണമുള്ള ഒറ്റപ്പെടൽ , തെറ്റായ കൂട്ടുകെട്ടുകൾ , ടെൻഷൻ, താത്കാലിക രസത്തിനായുള്ള പരീക്ഷണം , ലഹരിവസ്തുക്കൾ ചിന്താശേഷി കൂട്ടുമെന്ന അബദ്ധധാരണ തുടങ്ങി ലഹരിക്കടിപ്പെടുന്നതിന് കാരണങ്ങൾ പലതാണ്.
പ്രതിരോധത്തിന്
ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ചെറുപ്പം മുതലേ മുന്നറിയിപ്പ് നൽകുക, ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക, മാതാപിതാക്കൾ കുട്ടികളുടെ മുന്നിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാതിരിക്കുക, മയക്കുമരുന്ന് ഉപയോഗിച്ച് നശിച്ചവരുടെ അനുഭവങ്ങൾ പറഞ്ഞ് ബോധവത്ക്കരണം നടത്തുക, മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ പരിപാടികളിൽ കുട്ടികളെ പങ്കാളികളാക്കുക, ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ പൊലീസ് ,എക്സൈസ് വകുപ്പുകൾക്കു പുറമേ സന്നദ്ധ സംഘടനകൾക്കും റസിഡന്റ്സ് അസോസിയേഷനും വലിയ പങ്കുണ്ട്. ക്രിയാത്മക വഴികൾ കുട്ടികൾക്ക് കാട്ടിക്കൊടുക്കുക, സന്നദ്ധസംഘടനകൾ,സ്കൂളുകൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ ബോധവത്കരണത്തിന് മുൻകൈയെടുക്കുക. മയക്കുമരുന്നിന് അടിമകളായവരെ എത്രയും വേഗം ഡീ അഡിക്ഷൻ സെന്ററുകളിലെത്തിക്കുക. ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആത്മവിശ്വാസം നൽകുക തുടങ്ങി സമൂഹത്തിന് ചെയ്യാൻ പല കാര്യങ്ങളുണ്ട്.
അടിമയായതിന്റെ
ലക്ഷണങ്ങൾ
ഉറക്കം കുറയുക
ഉത്സാഹവും പ്രസരിപ്പും കുറയുക,
പഠനത്തിൽ ശ്രദ്ധകുറവ്, സ്കൂളിൽ പോകാൻ മടി, പതിവായി വൈകിയെത്തുക,
അസമയത്തുള്ള യാത്ര, അപരിചിതർ തേടിയെത്തുക
വേഷത്തിൽ അശ്രദ്ധ , അകാരണമായ ദേഷ്യം, സ്വന്തം മുറിയിൽ രക്ഷകർത്താക്കൾ കയറുന്നതിൽ ഇഷ്ടക്കേട്,
കുടുംബാംഗങ്ങളിൽ നിന്നകന്ന് ഒറ്റപ്പെട്ടു നിൽക്കുക
മുറിയിൽ അടച്ചിരിക്കുക, ടോയ്ലറ്റിൽ കൂടുതൽ സമയം ചെലവഴിക്കുക
അക്രമ സ്വഭാവം, പുകവലി ശീലം , സദാ ഉറക്കംതൂങ്ങിയ പ്രകൃതം, അമിത വിശപ്പ്, വിശപ്പില്ലായ്മ , മനംപിരട്ടൽ, വിറയൽ,
അടിമയാകുന്നത് എങ്ങനെ?
ഇന്റർനെറ്റ് സ്വാധീനം, , വീട്ടിലെയും സ്കൂളുകളിലെയും സാഹചര്യം, നിരാശ, നോ പറയാൻ കഴിയാത്ത മാനസികാവസ്ഥ . ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കളുടെയും സെലിബ്രറ്റികളുടെയും സ്വാധീനം, മെട്രോ ജീവിത ശൈലിയോടുള്ള താല്പര്യം, പെട്ടെന്നു പണം ഉണ്ടാക്കാനുള്ള ആഗ്രഹം.
ഡോ.വർഗീസ് പി പുന്നൂസ്
സൈക്യാട്രി വിഭാഗം മേധാവി
മെഡിക്കൽ കോളേജ് ആലപ്പുഴ
(തുടരും)