പാർട്ടി വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെത്തുന്നത്. കെ.എം.മാണി അവസാനമായെടുത്ത രാഷ്ട്രീയ തീരുമാനവും ചാഴികാടന്റെ സ്ഥാനാർത്ഥിത്വമായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ മിന്നുന്ന വിജയം നേടിയ തോമസ് ചാഴികാടൻ മനസ് തുറക്കുന്നു.
പി.ജെ. ജോസഫ് മത്സര സന്നദ്ധത അറിയിച്ച് പരസ്യമായി രംഗത്തെത്തിയതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് താങ്കൾ സ്ഥാനാർത്ഥിയാകുന്നത്. അന്ന് തുടങ്ങിയ പ്രതിസന്ധിക്ക് ഇപ്പോഴും കുറവില്ലല്ലോ?
പ്രതിസന്ധിയെന്നത് രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. അതിനെ തരണം ചെയ്യുകയെന്നതാണ് കാര്യം. ഞാൻ സ്ഥാനാർത്ഥിയായപ്പോൾ എല്ലാവരും പറഞ്ഞത് പി.ജെ.ജോസഫ് റിബലായി മത്സരിക്കുമെന്നൊക്കെയാണ്. അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹം പ്രചാരണത്തിനും ഒപ്പമുണ്ടായിരുന്നു. പാർട്ടിയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കേരള കോൺഗ്രസ് ജനാധിപത്യ പാർട്ടിയാകുന്നത്. ആത്യന്തികമായി എല്ലാവരും യോജിച്ച് പോകണമെന്ന അഭിപ്രായമാണുള്ളത്. പാർട്ടിയിലെ മുഴുവൻ പ്രതിസന്ധിയും ഉടൻ അവസാനിക്കും. തിരഞ്ഞെടുപ്പിൽ മാണി സാർ ആഗ്രഹിച്ചത് നടന്നു. മാണി സാറിന്റെ ആത്മാവ് ഒപ്പമുണ്ട്.
പ്രതിസന്ധികൾ എങ്ങനെ അവസാനിപ്പിക്കാമെന്നാണ് കരുതുന്നത്. അതും പാർട്ടി പിളർപ്പിന്റെ വക്കോളമെത്തുമ്പോൾ?
പിളർപ്പ് മാത്രമല്ലല്ലോ പരിഹാരം. കേരള കോൺഗ്രസ് നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടു പേർ ഇടപെടുന്നുണ്ട്. ഈ ഇടപെടലിലൂടെ പ്രശ്നപരിഹാരമുണ്ടാകും. പറഞ്ഞു തീർക്കാവുന്ന പ്രശ്നമേ ഇപ്പോഴും പാർട്ടിയിലുള്ളൂ.
പാർട്ടിയുടെ മുന്നണി പ്രവേശനത്തിന് ശേഷം കോട്ടയത്ത് കോൺഗ്രസ് കാലുവാരുമെന്ന പ്രചാരണം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമീപനം എങ്ങനെയായിരുന്നു?
മുന്നണി എന്ന നിലയിലല്ല, ഒറ്റ പാർട്ടി പോലെയായിരുന്നു കോട്ടയം ഡി.സി.സി എനിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ഒരു കാരണവരെപ്പോലെ എല്ലാം ഏകോപിപ്പിക്കാൻ തുടക്കം മുതൽ ഉമ്മൻചാണ്ടി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊരിവെയിലത്തും പാതിരാവിലും കൂടെയുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അടക്കം ചെയ്ത സേവനങ്ങൾ മറക്കാൻ കഴിയില്ല. കോട്ടയത്ത് യു.ഡി.എഫ് ഒറ്റക്കെട്ടാണന്നതിന്റെ തെളിവ് കൂടിയാണ് ഇത്രയും വലിയ ഭൂരിപക്ഷം നേടാനായത്.
വലിയ ഭൂരിപക്ഷത്തെ കെ.എം.മാണിയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗമെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണല്ലോ ഒരുവിഭാഗം?
അരനൂറ്റാണ്ടിലേറെയുള്ള മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം ചെയ്ത ജനക്ഷേമകാര്യങ്ങൾ പൊതുജനങ്ങൾ എന്നും നന്ദിയോടെ ഓർക്കുന്നുണ്ട്. ഞാൻ ജയിച്ച് കാണമെന്ന മാണി സാറിന്റെ ആഗ്രഹം ജനം നിറവേറ്റി. അദ്ദേഹത്തോടുള്ള സ്നേഹം വോട്ടായി എന്നത് സത്യമാണ്. എന്നാൽ അതുമാത്രമല്ല കാരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹ നയങ്ങൾ, ശബരിമലയടക്കം വിശ്വാസികളുടെ പിന്തുണ,രാഹുൽ ഗാന്ധി വന്നതോടെ സംസ്ഥാനത്താകെ യു.ഡി.എഫിലുണ്ടായ ഉണർവ് ഇതെല്ലാം ഭൂരിപക്ഷം കൂടാൻ ഘടകമായി.
പാലായിൽ ഭൂരിപക്ഷം ഉയർത്തിയത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഗുണമാകില്ലേ?
എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പാലായിലാണ്. കഴിഞ്ഞ തവണ ലഭിച്ച അത്ര വോട്ടു പോലും അവിടെ ലഭിച്ചില്ല. കെ.എം.മാണിയുടെ വികസന പ്രവർത്തനങ്ങളാണ് അവിടെ യു.ഡി.എഫിന് ഭൂരിപക്ഷം കൂടാൻ കാരണം. പാലായിൽ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും പതിവായി സി.പി.എമ്മിന് വോട്ട് ചെയ്തിരുന്നവരിൽ പലരും ഇക്കുറി എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
ഏറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന റബർ കർഷകർക്ക് എങ്ങനെ ആശ്വാസമാകും?
കേരളത്തിൽ ഏറ്റവും അധികം റബർ ഉത്പാദിപ്പിക്കുന്നത് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ്. റബറിന്റെ വിലയിടിഞ്ഞ് കർഷകർ ടാപ്പിംഗ് ഉപേക്ഷിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരാവട്ടെ റബർ ബോർഡിനെ നോക്കുകുത്തിയാക്കി. കർഷകർക്ക് 150 രൂപയെങ്കിലും കിലോയ്ക്ക് ലഭിക്കാനായി കെ.എം.മാണിയുടെ സ്വപ്ന പദ്ധതിയായി നടപ്പാക്കിയതാണ് റബർ വിലസ്ഥിരതാ ഫണ്ട്. എന്നാൽ പദ്ധതി ഇപ്പോൾ പ്രതിസന്ധിയിലാണ്. വിലസ്ഥിരതാ ഫണ്ടിലൂടെ കർഷകർക്ക് 200 രൂപ ലഭ്യമാക്കാൻ പരിശ്രമിക്കും. റബർ ബോർഡിന്റെ സബ്സിഡി കുടിശിക പൂർണമായും ലഭ്യമാക്കും.
വികസന ലക്ഷ്യങ്ങൾ എന്തൊക്കെയാണ് ?
കയർ -കായൽ, കൃഷി, ടൂറിസം, റെയിൽവേ, ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ സർവ മേഖലകളിലും അഞ്ച് വർഷം ചെയ്യേണ്ടതിനെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. കുമരകം അടക്കം ടൂറിസം വികസനത്തിന് പരമാവധി കേന്ദ്രപദ്ധതികൾ കൊണ്ടുവരും. കായൽ ടൂറിസവും മലയോര ടൂറിസവും ഒരുപോലെ വികസിപ്പിക്കും. മെഡിക്കൽ കോളേജ്, ദന്തൽ കോളേജ്, കുട്ടികളുടെ ആശുപത്രി എന്നിവയെ ഒരുമിപ്പിച്ചുകൊണ്ട് ദേശീയ നിലവാരത്തിലേക്ക് എത്തിക്കും. എയിംസ് മാതൃകയിൽ എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഉയർത്താനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കും. സാധാരണക്കാർക്ക് ചെലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ചികിത്സ ഒരുക്കും. പാതയിരട്ടിപ്പിക്കൽ വേഗത്തിലാക്കും. റെയിൽവേ സ്റ്റേഷന്റെ വികസനത്തിനൊപ്പം വിവിധ റെയിൽവേ ഓവർ ബ്രിഡ്ജുകളും നിർമിക്കും.
ബി.ജെ.പി സർക്കാർ ഇതിനൊക്കെ ഫണ്ട് തന്ന് സഹകരിക്കുമെന്ന് പ്രതീക്ഷയുണ്ടോ?
അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ല. ബി.ജെ.പി ജനങ്ങൾക്ക് എതിരാണെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളെ എതിരാക്കി ഒരു പാർട്ടിക്കും മുന്നോട്ടു പോകാനുമാവില്ല.