krishi-samman

കോട്ടയം : മണിമല സ്വദേശി തങ്കപ്പൻനായർ കഴിഞ്ഞ ഫെബ്രുവരി 19 നാണ് പ്രധാനമന്ത്രി കൃഷിസമ്മാൻ പദ്ധതിയിൽ അപേക്ഷ നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകിയില്ലെങ്കിൽ പണം ലഭിക്കില്ലെന്ന പ്രചരണത്തിനിടെ രാവിലെ മുതൽ ക്യൂവിൽ വിയർത്തൊലിച്ച് അപേക്ഷ സമർപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇതിനിടെ രണ്ടാം മോദി സർക്കാർ അധികാരവുമേറ്റു. പക്ഷേ, ആദ്യ ഗഡുവായ രണ്ടായിരം രൂപ ഇതുവരെ ലഭിച്ചില്ല. തങ്കപ്പൻനായരെ പോലെ ജില്ലയിൽ ഒന്നരലക്ഷത്തിലേറെ പേർക്കാണ് ആദ്യഘട്ടപണം ലഭിക്കാനുള്ളത്. ആദ്യഘട്ടം പണം ലഭിച്ച ആയിരത്തിലേറെ പേർക്ക് രണ്ടാംഘട്ട പണം ലഭിച്ചിട്ടില്ല.

ചെറുകിട കർഷകർക്ക് വർഷം ആറായിരം രൂപ നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡു കഴിഞ്ഞ മാർച്ച് 31നകം വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ കൃഷിഭവനുകളിൽ തിരക്കായി. കരംഅടച്ച രസീതും ആവശ്യമായതിനാൽ ക്യൂ വില്ലേജ് ഓഫീസുകളിലേയ്ക്കും നീണ്ടു. 11 ബ്ളോക്ക് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ 1,92,185 അപേക്ഷകളാണ് ലഭിച്ചത്. പണം ലഭിച്ചത് 28,406 പേർക്കും.

 കാരണങ്ങൾ പലത്

പണം ലഭിക്കാത്തതിനെ പറ്റി വ്യക്തമായ മറുപടിയില്ലെങ്കിലും അപേക്ഷ അപ്‌ലോഡ് ചെയ്യുന്നതിലെ താമസവും സോഫ്‌റ്റ്‌വെയർ പ്രശ്നവുമൊക്കെയാണ് ചൂണ്ടിക്കാട്ടുന്നത്. രണ്ടാംഘട്ടത്തിനായി കാത്തിരിക്കുന്നവരോട് ബാങ്കിലെ പ്രശ്നമാണ് ചൂണ്ടിക്കാട്ടുന്നത്.

അപേക്ഷകർ

വാഴൂർ: 17,363

 മാടപ്പള്ളി: 13618

 ഈരാറ്റുപേട്ട: 13300

 ഏറ്റുമാനൂർ: 21059

പാലാ: 13111

വൈക്കം: 23859

കോട്ടയം: 16828

പാമ്പാടി: 19200

കാഞ്ഞിരപ്പള്ളി: 16478

ഉഴവൂർ: 18932

കടുത്തുരുത്തി: 18437