ഇരയായത് ആയിരത്തിലേറെ ആളുകൾ
കോട്ടയം : കഴിഞ്ഞ വർഷം ജില്ലയിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത് 397കോടി രൂപ. 250 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. കുന്നത്തുകളത്തിൽ ചിട്ടിതട്ടിപ്പും, എസ്.എച്ച് മൗണ്ടിലെ വിസാ തട്ടിപ്പും, ഏറ്റുമാനൂരിലെയും പാലായിലെയും ജോലി തട്ടിപ്പുമാണ് ഇതിൽ പ്രധാനം. ഇതു കൂടാതെയാണ് സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ. 123 കോടിയ്‌ക്കു മുകളിലുള്ള തട്ടിപ്പാണ് കുന്നത്തകളത്തിൽ ഗ്രൂപ്പ് മാത്രം നടത്തിയത്. രണ്ടാംസ്ഥാനത്ത് പാലായിലെ സ്വകാര്യ ഏജൻസി നടത്തിയ തൊഴിൽ തട്ടിപ്പാണ് (25 കോടി). എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി തട്ടിച്ചെടുത്തത് 10 കോടിയാണ്.
ഓൺലൈൻ വഴി പോയത് 5 കോടി
ഓൺലൈൻ ബാങ്ക്, വാലറ്റ് തട്ടിപ്പിലൂടെ അഞ്ചു കോടി രൂപയാണ് കഴിഞ്ഞ വർഷം മാത്രം നഷ്ടമായത്. ഇതിന്റെ ഇരട്ടി ആളുകൾക്ക് പണം നഷ്‌ടമായിട്ടുണ്ടെങ്കിലും പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. മൊബൈൽ ഫോണും, ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്‌താണ് പണം കവരുന്നത്. ബാങ്ക് അക്കൗണ്ടുകളെയും, ഒ.ടി.പിയും ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പലരും നേരിട്ട് കെണിയിൽ വീഴുകയാണ്. കഴിഞ്ഞ വർഷം 124 പരാതികളാണ് ലഭിച്ചത്. പരാതി നൽകിയതിൽ 30 ശതമാനവും 50 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. അജ്ഞത മുതലെടുത്താണ് ഇവരെ തട്ടിപ്പ് സംഘം ഇരയാക്കുന്നത്.