പാലാ: എസ്.എൻ.ഡി.പിയോഗം മീനച്ചിൽ യൂണിയൻ പ്രമോട്ട് ചെയ്യുന്ന പൂഞ്ഞാർ എസ്.എൻ.പി കോളേജിന്റെ അവസാനഘട്ട പണികൾ പൂർത്തീകരിക്കാനുള്ള ധനശേഖരണത്തിനായി ഇന്ന് യൂണിയനിലെ മുഴുവൻ ശാഖകളിലുമുള്ള ഭവനങ്ങൾ തോറും 'ഗുരുപുണ്യം കാൽക്കോടി കാണിക്ക' പദ്ധതിക്കായുള്ള സന്ദർശനം നടത്തുമെന്ന് എസ്.എൻ.പി ദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും മീനച്ചിൽ യൂണിയൻ കൺവീനറുമായ അഡ്വ. കെ.എം സന്തോഷ് കുമാർ അറിയിച്ചു.
ഇന്നലെ മീനച്ചിൽ യൂണിയൻ ഹാളിൽ നടന്ന ശാഖാ ഭാരവാഹികളുടെയുംപോഷകസംഘടനാ ഭാരവാഹികളുടെയും എസ്.എൻ.പിദേവാ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെയുംയോഗം ഗുരുപുണ്യം കാൽക്കോടി കാണിക്ക പദ്ധതി വിജയിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇന്നുരാവിലെ 10 മുതൽ ശാഖാനേതാക്കൾ ഓരോ വീടുകളിലുമെത്തി കാണിക്ക സ്വീകരിക്കും.
ഓരോ സമുദായ അംഗങ്ങളും ഒരു ദിവസത്തെവേതനമോ വരുമാനമോ നൽകി സഹായിക്കണമെന്നും അതുമല്ലെങ്കിൽ കഴിയുന്നത്ര സിമന്റ്, മണൽ, ഇഷ്ടിക, ഷീറ്റ്, ധനം എന്നിവ നൽകി സഹായിച്ച് എസ്.എൻ.പികോളേജ് നിലനിർത്താൻ സഹകരിക്കണമെന്നുംയോഗം ഉദ്ഘാടനം ചെയ്ത അഡ്വ. കെ.എം സന്തോഷ് കുമാർ അഭ്യർത്ഥിച്ചു.
എസ്. എൻ.പിദേവാ ട്രസ്റ്റ് ചെയർമാൻ പി.എസ്. ശാർങ്ധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ മീനച്ചിൽ യൂണിയൻ കമ്മറ്റിയംഗം സതീഷ് മണി,മോഹൻദാസ് പേണ്ടാനത്ത്, പ്രദീപ് പ്ലാച്ചേരിൽ, റ്റി.കെ. ലക്ഷ്മിക്കുട്ടി, വിവിധ ശാഖാനേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ,കോളേജിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ എസ്.എൻ.പിദേവാ ട്രസ്റ്റ് ചെയർമാൻ പി.എസ്. ശാർങ്ധരൻ, വൈസ് ചെയർമാൻ മോഹൻദാസ് പേണ്ടാനത്ത്, നിർമ്മാണ കമ്മിറ്റി ചെയർമാൻ വിനോദ് മൂന്നിലവ്, കൺവീനർ സതീഷ് മണി, ട്രഷറർ പ്രദീപ് പ്ലാച്ചേരിൽ, സൈറ്റ് എഞ്ചിനീയർ സുരേഷ് കുമാർ എന്നിവർക്ക് അഡ്വ. കെ.എം. സന്തോഷ് കുമാർ മൊമെന്റോ നൽകി ആദരിച്ചു.