പാലാ: വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ശ്രീനാരായണഗുരുദേവന്റെ ഉപദേശംലോകത്തിനാകെ വെളിച്ചം പകരുന്നതാണെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു.
എസ്.എൻ.ഡി.പിയോഗം മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ജ്യോതിസ്‌മോഹൻ ഐ.ആർ.എസ്,ഡോ. സുനിൽ കടപ്പൂര്, തുടങ്ങിയവർ ഉന്നതവിദ്യാഭ്യാസ മാർഗനിർദ്ദേശ ക്ലാസുകളെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജ്യോതിസ് മോഹനും ഡോ. ജോസ് ജോസഫും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം ഷാജി കടപ്പൂര് ആമുഖപ്രസംഗം നടത്തി. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ, പോഷക സംഘടനാ നേതാക്കളായ മിനർവ മോഹൻ, സോളി ഷാജി തലനാട്, അനീഷ് ഇരട്ടയാനി, അരുൺ കുളമ്പള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. നൂറോളം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്.