kalapaka-market


കോട്ടയം: ജില്ലയ്ക്ക് സൂപ്പർമാ‌ർക്കറ്റ് സംവിധാനത്തെ പരിചയപ്പെടുത്തിയ കൽപ്പക സൂപ്പർ മാർക്കറ്റിന്റെ അവസാന ഷോറൂമും പൂട്ടി. തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സൂപ്പർമാ‌ർക്കറ്റിന് അരനൂറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .കെട്ടിടത്തിന്റെ രണ്ടു വർഷത്തെ വാടകയും ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളും നൽകാനുണ്ട്. ഇതേ തുടർന്നാണ് സൂപ്പർമാർക്കറ്റ് പൂട്ടിയത്.

1962 ലാണ് കോട്ടയം ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ (കെ.ഡബ്ല്യു.സി.സി.എസ്) നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സ്ഥാപനം ആരംഭിക്കുന്നത്. വൈക്കത്തായിരുന്നു ആദ്യമായി സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. തുടർന്ന് കോട്ടയം നഗരത്തിലും, പാമ്പാടി, പാലാ, മുട്ടമ്പലം, കഞ്ഞിക്കുഴി, പുത്തനങ്ങാടി, വൈക്കം, ഏറ്റുമാനൂ‌‌ർ, കോട്ടയം മാർക്കറ്റ്, കീഴുക്കുന്ന്, ചങ്ങനാശേരി, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം കൽപ്പകയുടെ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ സ്റ്റോറുകളും പ്രവർത്തിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും അതിരൂക്ഷമായതോടെ സ്ഥാപനം തകർച്ചയിലേയ്‌ക്ക് നീങ്ങി.

2017 സെപ്റ്റംബറിൽ ഭരണസമിതി പിരിച്ച് വിട്ട ജില്ലാ ജോയിന്റ് രജിസ്റ്റാർ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും, പുതിയ ഭരണസമിതിയ്‌ക്ക് അധികാരം കൈമാറണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചില്ല.

ബാധ്യതയും ആസ്തിയും

60 ലക്ഷം രൂപയിലധികമാണ് സൂപ്പർമാർക്കറ്റിന്റെ ബാധ്യത. 25 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. പുത്തനങ്ങാടിയിൽ 76 സെന്റും തിരുനക്കര പ്രസ് ക്ലബ് മന്ദിരത്തിന് സമീപം പത്ത് സെന്റും സ്ഥലമുണ്ട്. മുട്ടമ്പലത്ത് മൂന്നു സെന്റ് സ്ഥലത്തിന്റെ കുത്തകപ്പാട്ടവും കൽപ്പകയുടെ പേരിലുണ്ട്. രണ്ടു വർഷത്തെ വാടകയാണ് നഗരസഭയ്‌ക്ക് നൽകാനുള്ളത്. ജീവനക്കാർക്ക് 2017 മുതലുള്ള ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നൽകാനുണ്ട്. എട്ട് സ്ഥിരം ജീവനക്കാരും ആറ് താല്‌കാലിക ജീവനക്കാരുമാണുള്ളത്.